കൊച്ചി: മലയാള സിനിമ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവിന്റെ പകരക്കാരനായാണ് സിദ്ദിഖ് വന്നത്. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവരാണു സിദ്ദീഖിനെതിരെ മത്സരിച്ചത്. ജഗദീഷും ജയന് ചേര്‍ത്തലയുമാണ് വൈസ് പ്രസിഡന്റുമാര്‍. 25 വര്‍ഷത്തിനു ശേഷമാണ് ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ തവണയും സ്ഥാനമൊഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ നിര്‍ബന്ധത്തിനു മുന്നില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. ‘അമ്മ’യുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാനുണ്ടാകുമെന്നാണ് വിവരം. നിലവിലെ പ്രസിഡന്റായ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
അതേ സമയം, വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം രൂക്ഷമായി. മൂന്ന് സ്ത്രീകള്‍ക്കുള്ള സീറ്റ് ഒഴിച്ചിട്ടതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകള്‍ക്കുള്ളതാണ്. എന്നാല്‍ അനന്യയെ മാത്രമാണ് തിരഞ്ഞെടുത്തത്. മത്സരിച്ച അന്‍സിബയെയും സരയുവിനെയും ഒഴിവാക്കുകയായിരുന്നു. ഇതോടെ അഭിപ്രായ വ്യത്യസങ്ങളുണ്ടായി. പിന്നാലെ അന്‍സിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.