കൊച്ചി: നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. സിനിമ ലോകത്തെ കൊടും ക്രിമിനലാണ് സിദ്ധീഖ് എന്നും സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. 2019 ലും രേവതി സിദ്ദിഖിന് എതിരെ തുറന്നു പറച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തന്നെ പിന്നീട് സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി വ്യക്തമാക്കി.
21 വയസ്സുള്ളപ്പോഴാണ് തന്നെ ട്രാപ്പിലാക്കി സിദ്ധിഖ് ഉപദ്രവിച്ചത് എന്നും മാധ്യമങ്ങളോട് രേവതി പറഞ്ഞു. മലയാള സിനിമയിലെ നമ്പര്‍ വണ്‍ ക്രിമിനല്‍ ആണ് സിദ്ധീഖ്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്തായിരുന്നു സോഷ്യല്‍മീഡിയ വഴി സിദ്ധീഖ് ബന്ധപ്പെട്ടത്. എന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം പലര്‍ക്കും അക്കൗണ്ട് വഴി സിദ്ദിഖ് മെസേജ് അയച്ചിട്ടുണ്ടെന്നും രേവതി പറഞ്ഞു. ഫേക്ക് ആയിട്ട് തോന്നുന്ന ഒരു അക്കൗണ്ടിലൂടെയാണ് മെസേജ് അയച്ചത്. ഒരു സിനിമയുടെ ചര്‍ച്ചയ്ക്കു വേണ്ടിയാണ് എന്നെ വിളിച്ചുവരുത്തിയത്. സുഖമായിരിക്കട്ടെ എന്ന ഒരു സിനിമയുടെ പ്രിവ്യൂ ഉണ്ടായിരുന്നു. ആ സിനിമ കണ്ടതിനു ശേഷം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞിട്ടാണ് ഞാന്‍ അവിടെ പോകുന്നത്.
എല്ലാവരേയും വിളിക്കുന്നതുപോലെ മോളെ എന്നാണ് വിളിക്കുന്നത്. അപ്പോഴൊന്നും എന്നെ ഇതിനു വേണ്ടി വിളിച്ചു വരുത്തിയതാണെന്ന് എനിക്ക് മനസ്സിലായില്ല. ഇല്ലാത്ത സിനിമക്ക് വേണ്ടിയാണ് താന്‍ ഹോട്ടല്‍ റൂമില്‍ എത്തിയതെന്ന് പിന്നീടാണ് മനസ്സിലായത്. അതൊരു ട്രാപ്പായിരുന്നു. ഇന്ന് അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാന്‍ ഉള്‍പ്പടെയുള്ള ഇരകളോട് വളരെ മോശമായാണ് അയാള്‍ പെരുമാറിയത്. എന്റെ സമ്മതമില്ലാതെ എന്നെ ഉപദ്രവിക്കുകയും അടിക്കുകയും തൊഴിക്കുകയും എന്നെ ട്രാപ്പിലാക്കുകയും ചെയ്തു. ഇപ്പോള്‍ കാണുന്ന അയാളുടെ മുഖം എന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണ്. അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും രേവതി പറഞ്ഞു.
അതേ സമയം, സിനിമതാരങ്ങളെ കുറിച്ച് വരുന്ന ആരോപണങ്ങള്‍ ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്. സിദ്ധിഖിനെതിരെയുള്ള ആരോപണം ശരിയല്ലെന്നും, ശത്രുത പുലര്‍ത്തുന്നവര്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കഥകളാണ് പലതുമെന്നാണ് സോഷ്യല്‍മീഡിയ അവലോഖനം. ആരെക്കുറിച്ചും എന്തും പറയാമെന്ന ധാരണയിലാണ് ഇപ്പോള്‍ സിനിമമേഖല പോകുന്നതെന്നും കമന്റുകള്‍ ഉയരുന്നുണ്ട്.