Newsperseconds.com

പല തവണ മുറിയിലേക്ക് വിളിപ്പിച്ചെന്ന് പരാതി; മുകേഷിനെതിരെ വീണ്ടും ടെസ് ജോസഫ്; സ്ത്രീയെ അറിയില്ല, ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് നടന്‍

Untitled 1

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്ത്. ഗുരുതര ആരോപണവുമായാണ് വനിതാ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എത്തിയത്. കോടീശ്വരന്‍ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്താണ് ദുരനുഭവം ഉണ്ടായതെന്നായിരുന്നു വെളിപ്പെടുത്തല്‍. മുമ്പ് എക്‌സ് പോസ്റ്റിലൂടെ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണമുന്നയിച്ചിരുന്നു. മുകേഷ് തന്നെ പലതവണ മുറിയിലേക്ക് വിളിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.

ആ സംഭവത്തില്‍ നിന്നും തന്റെ ബോസ് ആണ് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടന്‍ മുകേഷ് തന്നെയാണോ എന്നൊരാള്‍ പോസ്റ്റിന് താഴെ കമന്റിട്ടപ്പോള്‍ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നല്‍കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാളം സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് മുകേഷിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നത്.

ബോളിവുഡില്‍ അടക്കം തിരക്കുള്ള കാസ്റ്റിംഗ് ഡയറക്ടറായ യുവതി 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. എന്നാല്‍ യുവതി ആരോപണം ഉന്നയിക്കുന്ന മുകേഷ് കുമാര്‍ എന്നയാള്‍ മാറ്റാരോ ആണെന്ന് പറഞ്ഞ് മുകേഷ് ആരോപണം തള്ളി. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടുപോലും ഇല്ലെന്നാണ് മുകേഷിന്റെ പ്രതികരണം. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും മുകേഷ് പറഞ്ഞു. എനിക്ക് ആ സ്ത്രീയെ അറിയില്ല. കണ്ടിട്ടുപൊലും ഇല്ല. ആറു കൊല്ലം മുന്‍പ് 2018ല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ മറുപടി നല്‍കിയതാണ്. ഇത് ടാര്‍ഗറ്റ് ചെയ്തുള്ള ആരോപണമാണ്,’ മുകേഷ് പറഞ്ഞു.

 

Share this Article

Leave a Comment