Newsperseconds.com

ജ്വലിക്കുന്ന കാവ്യലോകം; കുമാരനാശാൻ വിടപറ‍ഞ്ഞി‌ട്ട് ഇന്ന് 100 വർഷം…

Untitled Design (22)

മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ. വ്യക്തി ജീവിതത്തിന്റെ സ്വകാര്യതകളിൽ തുടങ്ങി സാമൂഹിക ജിവിതത്തിന്റെ എല്ലാ വശങ്ങളെയും ആശാൻ കവിതകളിലൂടെ മലയാളികൾക്ക് തുറന്നുകാട്ടി. സൗകുമാര്യതയും ഭക്തിയും വിപ്ലവവും ഇഴുകിച്ചേർന്ന മനോജ്ഞമായ ജീവിതം. ആശാൻ വിടപറഞ്ഞിട്ട് ഇന്ന് 100 വർഷങ്ങൾ പിന്നിടുന്നു.

കേരളീയ സാമൂഹികജീവിതത്തിൽ വമ്പിച്ച ആശാന്റെ കൃതികൾ വരുത്തിയ പരിവർത്തനങ്ങൾ വളരെ ശ്രേഷ്ഠമാണ്. ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാൻ ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർഹനാണ്.

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌, കുമാരു (കുമാരനാശാൻ) ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാനതൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയുംചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു.

കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖംബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിലാണ് അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു കമാരനാശാന്റെ വീട്ടിൽ വരുന്നത്. കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയ ​ഗുരു, ഗോവിന്ദനാശാന്റെ കീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻക്ഷേത്രത്തിൽക്കഴിയുന്ന കാലത്താണ് കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെടുന്നത്. ആധ്യാത്മികതയിലേക്കും സാമുദായികസേവനത്തിലേക്കും വഴിമാറിയ അദ്ദേഹം. സംസ്‌കൃതം, ഇംഗ്ലീഷ് പഠനമുള്‍പ്പെടെ പലതും ആ കണ്ടുമുട്ടലിലൂടെ സാധിച്ചു. ഡോ. പല്‍പ്പുവിന്റെ കൂടെ ബെംഗളൂരുവിലും കല്‍ക്കത്തയിലും താമസിച്ച് പഠിച്ചു.

1898-1900 കാലത്തെ ബംഗാള്‍ വാസമാണ് ആശാന്റെ കാവ്യങ്ങളിലെ പ്രബുദ്ധതയ്ക്കാധാരം. ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടവും രബീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികളും ആശാനിലെ കവിയെ വളര്‍ത്തി. ശ്രീനാരായണഗുരുവിന്റെ ആജ്ഞാനുസരണം കൊല്‍ക്കത്തയിലെ വിദ്യാഭ്യാസമവസാനിപ്പിച്ച്, കുമാരനാശാന്‍ അരുവിപ്പുറത്ത് മടങ്ങിയെത്തി. ഇക്കാലത്ത് അദ്ദേഹം മൃത്യുഞ്ജയം, വിചിത്രവിജയം തുടങ്ങിയ നാടകങ്ങളും ശിവസ്‌തോത്രമാല തുടങ്ങിയ കവിതകളും രചിച്ചു. 1903-ല്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി. 1909 മുതല്‍ പതിമ്മൂന്നുവര്‍ഷത്തിലേറെ വിവേകോദയം മാസികയുടെ പത്രാധിപരായിരുന്നു. 1913-ല്‍ ശ്രീമൂലം പ്രജാ സഭാംഗം. 1918-ല്‍ കെ. ഭാനുമതിയമ്മയെ വിവാഹംചെയ്തു. 1920-ല്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി പദമൊഴിഞ്ഞ് നിയമസഭയില്‍ അംഗമായി.

ആശാന്റെ കാവ്യലോകം

വിശേഷണങ്ങൾക്ക് അപ്പുറമാണ് ആശാന്റെ കാവ്യലോകം. ദാര്‍ശനികതയും സ്‌നേഹവും വിപ്ലവവും ഒരുപോലെ ആശാൻ കാവ്യങ്ങളിൽ പ്രതിഫലിച്ചു. കുമാരനാശാനെ നവോത്ഥാനത്തിന്റെ കവി എന്ന് വിളിച്ചത് തായാട്ട് ശങ്കരനാണ്. 1908 വരെ സ്‌തോത്രകൃതികളായിരുന്നു ഇതിവൃത്തമെങ്കിൽ വീണപൂവിനുശേഷം അതായത്, 1920-നുശേഷം ആശാന്‍റെ കവിതകൾ സാമൂഹികപ്രശ്‌നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി. ഇക്കാലയളവിലെഴുതിയ രണ്ട് കവിതകളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും.
ജാതിഭേദത്തെയും ദുരാചാരങ്ങളെയും എതിര്‍ക്കുന്നതിന് പത്രാധിപരെന്നനിലയ്ക്ക് എഴുതിയിട്ടുള്ള കവിതകളായിരുന്നു ഇത്. കവിതയിലും ജാതിനിര്‍മാര്‍ജനത്തെ ചോദ്യം ചെയ്തു. ആദ്യമായി ജാതിപ്രശ്‌നം പ്രമേയമാക്കുന്നത് ‘ദുരവസ്ഥ’യിലാണ്. ‘ദുരവസ്ഥ’യുടെ സഹോദരിയാണ് ‘ചണ്ഡാലഭിക്ഷുകി’ എന്ന് ആശാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മലബാറിലെ മാപ്പിളലഹളക്കാലത്ത് നടന്നതായി കല്‍പിച്ചിട്ടുള്ള ഒരു കഥയാണ് ദുരവസ്ഥ. ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്. ‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ, മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍’ നിലനില്‍ക്കുന്ന ഏതൊരു ദുര്‍വ്യവസ്ഥയെയും മാറ്റിയില്ലെങ്കില്‍ അവ നമ്മളെ തന്നെ അതിന്റെ ഭാഗമാക്കിത്തീര്‍ക്കുമെന്ന ഈ ഉദ്ബോധനം വ്യവസ്ഥാപിത സമൂഹത്തില്‍ എന്നും പ്രസക്തമാണ്. ശ്രീബുദ്ധന്റെ ദിവ്യാവതാര കഥകളില്‍ ഒന്നായ മാതംഗിയെന്ന ചണ്ഡാല യുവതിയുടെ സംഘപ്രവേശമാണ് ‘ചണ്ഡാലഭിക്ഷുകി’യിലെ ഇതിവൃത്തം. ദുരവസ്ഥയും ഇതും ഒരു ഞെട്ടില്‍ പൂത്ത രണ്ട് പുഷ്പങ്ങളാണെന്ന് ചണ്ഡാലഭിക്ഷുകിയുടെ അവതാരികയില്‍ ഉള്ളൂര്‍ പറയുന്നു. ”ഇന്നലെ ചെയ്‌തോരബദ്ധം

മൂഢര്‍ക്കിന്നത്തെയാചാരമാവാം
നാളത്തെ ശാസ്ത്രമതാകാം,
അതില്‍ മൂളായ്ക സമ്മതം രാജന്‍!”
എന്ന വരികളില്‍ പറയുന്നത്.
അന്ധവിശ്വാസങ്ങളാല്‍ അരുംകൊലകള്‍ നടക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ആശാന്റെ പല വരികളും നാം ഓര്‍ക്കേണ്ടതുണ്ട്. അവയെല്ലാം എന്നും പ്രസക്തവുമാണ്.

വിപ്ലവത്തിന്റെ ശുക്രനക്ഷത്രമെന്ന ജോസഫ് മുണ്ടശ്ശേരിയുടെ വിശേഷണം അന്വര്‍ഥമാക്കുന്നതായിരുന്നു ആശാന്റെ കാവ്യജീവിതം. മഹാകാവ്യമെഴുതാതെ മഹാകവിയായ ആശാനെ അത്തരമൊരു പദവി നല്‍കി മദ്രാസ് യൂണിവേഴ്സിറ്റി പിന്നീട് ആദരിച്ചു.

Share this Article

Leave a Comment