Newsperseconds.com

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ തിരുപ്പതി മാതൃക; സന്നിധാനത്തേക്കുള്ള അറിയിപ്പ് എല്‍ഇഡി ഡിസ്പ്ലേയില്‍

HAR

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ തിരക്കുനിയന്ത്രിക്കാന്‍ ഇത്തവണ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ തിരുപ്പതി മോഡല്‍ ക്യൂ. പോലീസിന്റെ സഹായത്തോടെ ദേവസ്വംബോര്‍ഡ് നടപ്പാക്കുന്ന ഈ സംവിധാനം നട തുറക്കുംമുമ്പ് സജ്ജമാക്കും. ടെന്‍ഡര്‍ പൂര്‍ത്തിയായി. തിരുവനന്തപുരം ആസ്ഥാനമായ റെഡ് ക്ലിക്ക് ഇന്‍ഫോടെക് ആണ് കരാറുകാര്‍. 19.50 ലക്ഷമാണ് ചെലവ്. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയില്‍ എട്ടുവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന ആറ് ക്യൂ കോംപ്ലക്‌സുകളില്‍ ഇത് സജ്ജമാക്കും.

പ്രവര്‍ത്തനം ഇങ്ങനെ; 

നീലിമലപ്പാതവഴി വരുന്ന തീര്‍ഥാടകരെ ഓരോ ക്യൂ കോംപ്ലക്‌സിലേക്കും കടത്തിവിടും. ഒരു കോംപ്ലക്‌സില്‍ മൂന്ന് ഹാളുണ്ടാകും. മൊത്തം 18 ഹാള്‍. ഇവിടങ്ങളില്‍ എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡ് ഉണ്ട്. ഇതില്‍ സന്നിധാനത്തെ തിരക്ക്, കടത്തിവിടുന്ന സമയം എന്നിവ പ്രദര്‍ശിപ്പിക്കും. അനൗണ്‍സ്‌മെന്റും ഉണ്ടാകും. സന്നിധാനത്തെ പോലീസിന്റെ സന്ദേശത്തിന് അനുസരിച്ച് ക്യൂ കോംപ്ലക്‌സ് തുറക്കുന്ന സമയം ക്രമീകരിക്കും. ഈ സംവിധാനം പോലീസ് നിയന്ത്രിക്കും.

എല്ലാ കോംപ്ലക്‌സിലും ശൗചാലയം, ഇരിപ്പിടം, ഫാന്‍ എന്നിവ ഉണ്ടാകും. ഭക്ഷണവും വെള്ളവും ലഭ്യമാക്കും. ഇതോടെ, മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സ്ഥിതി മാറും. ഇവിടെ വിശ്രമിച്ച് സാവധാനം ദര്‍ശനം നടത്താം. ശബരിമല മാസ്റ്റര്‍ പ്ലാനിലുള്‍പ്പെടുത്തി മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയില്‍ ഒമ്പതുകോടി രൂപ മുടക്കിയാണ് നിര്‍മാണം. വനംവകുപ്പാണ് ഭൂമി വിട്ടുകൊടുത്തത്.

എട്ടുവര്‍ഷംമുമ്പ്, തീര്‍ഥാടകരുടെയും പോലീസിന്റെയും പരാതിയെത്തുടര്‍ന്നാണ് ക്യൂ കോംപ്ലക്‌സ് ഉപയോഗം ബോര്‍ഡ് അവസാനിപ്പിച്ചത്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങളൊഴിഞ്ഞ, കഴിഞ്ഞ തീര്‍ഥാടനകാലയളവില്‍ പതിനെട്ടാംപടി മുതല്‍ ശരംകുത്തിവരെ നീണ്ട ക്യൂ ഉണ്ടായി. പലപ്പോഴും ഭക്ഷണവും വെള്ളവുമില്ലാതെ തീര്‍ഥാടകര്‍ വലഞ്ഞു. വിഷയത്തില്‍, ഹൈക്കോടതി പലതവണ ദേവസ്വം ബോര്‍ഡിനോടും പോലീസിനോടും വിശദീകരണം തേടി. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ സംവിധാനം.

 

 

 

Share this Article

Leave a Comment