Newsperseconds.com

‘കേരളീയം’ ആഘോഷമാക്കാന്‍ അനന്തപുരിയില്‍ പുലികളിറങ്ങി; 139 കിലോ ഭാരവുമായി പുലിക്കളിയില്‍ വ്യത്യസ്ഥനായി തൃശ്ശൂര്‍ സ്വദേശി സുധീഷ്

KERALEEYAM

തിരുവനന്തപുരം: അനന്തപുരിയില്‍ കേരളീയം ആഘോഷമാക്കാന്‍ തൃശൂരില്‍ നിന്നുള്ള പുലികളുമിറങ്ങി. കേരളീയം പരിപാടിയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആഘോഷങ്ങളില്‍ കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി കൊണ്ടായിരുന്നു പുലിക്കളി നടന്നത്. വൈകിട്ട് മൂന്നിന് കവടിയാറില്‍ നിന്ന് ആരംഭിച്ച പുലികളി വെള്ളയമ്പലം-മ്യൂസിയം-കനകക്കുന്ന് എന്നിവിടങ്ങളിലെ പ്രകടനത്തിനുശേഷം ഏഴിന് മാനവീയം വീഥിയില്‍ സമാപിക്കും.

വര്‍ഷങ്ങളായി പുലികളി അവതരിപ്പിക്കുന്ന സംഘമാണ് തലസ്ഥാനത്തെത്തിയത്. നവംബര്‍ ഒന്നു മുതല്‍ 7 വരെയാണ് കേരളീയം പരിപാടി ആഘോഷിക്കുന്നത്. കൂട്ടത്തില്‍ തൃശ്ശൂരില്‍ നിന്നു വന്ന സുധീഷ് ആയിരുന്നു ഏറ്റവും വലിയ വയറുമായി പുലിയുടെ വേഷത്തില്‍ എത്തിയിരുന്നത്. 139 കിലോയാണ് ഇയാളുടെ ഭാരം. 100 കിലോയും 120 കിലോയുമുള്ളവരുടെ ഇടയില്‍ സുധീഷ് വ്യത്യസ്ഥനായി നിറഞ്ഞാടുകയായിരുന്നു. ഗള്‍ഫിലെ പ്രോഗ്രാമിന് ശേഷമാണ് കേരളീയത്തിന്റെ ഭാഗമാവാന്‍ ഇവര്‍  അനന്തപുരിയില്‍
എത്തിയത്. തൃശ്ശൂരിലെ അറിയപ്പെടുന്ന പുലികളി ടീമാണ് സുധീഷിന്റേത്.

പുലികളിക്ക് പുറമേ കേരളീയത്തിന്റെ ഭാഗമായി എന്‍സിസി സംഘടിപ്പിക്കുന്ന അശ്വാരൂഢസേനാ അഭ്യാസപ്രകടനത്തിന് മുന്നോടിയായി കുതിരകളുമായുള്ള റോഡ് ഷോയും ഇന്ന് വൈകിട്ട് അഞ്ചിന് നടന്നു. കൂടാതെ നിഷിലെ ഭിന്നശേഷിക്കാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ വിവിധയിടങ്ങളില്‍ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബ് ശ്രദ്ധേയമായി.

 

 

 

 

Share this Article

Leave a Comment