മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രത്തിലെ കന്നി മാസത്തിലെ ആയില്യം ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ചതാണ്. കന്നിമാസത്തിലേയും തുലാം മാസത്തിലേയും ആയില്യം നാഗദൈവങ്ങള്‍ക്ക് പ്രാധാന്യമുള്ളതാണെങ്കിലും, മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തെ സംബന്ധിച്ച് തുലാംമാസത്തിലെ ആയില്യമാണ് ഉത്സവമായി ആഘോഷിക്കുന്നത്. ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്‍കി സംഗീതാദിനത്തവാദ്യകലകളും അവതരിപ്പിക്കപ്പെടുന്നു. നാഗാരാധനയില്‍ ലോക പ്രശസ്തമായ മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഒക്ടോബര്‍ 24, 25, 26 തീയതികളില്‍ ആഘോഷിച്ചു വരികയാണ്. തുലാമാസത്തിലെ രോഹിണി നക്ഷത്രം മുതല്‍ ആയില്യം പൂജകള്‍ക്ക് തുടക്കം കുറിക്കും. ആയില്യം ഉത്സവസമയത്ത് ക്ഷേത്രദര്‍ശനവും ഈ മണ്ണിലെ സ്പര്‍ശനവും ഏതൊരു ഭക്തനും സുകൃതമായി കരുതുന്നു. ആയില്യ മഹോത്സവത്തിന് ജാതി മതഭേദമന്യേ നാനാദേശങ്ങളില്‍ നിന്നും നിരവധിയാളുകള്‍
മണ്ണാറശ്ശാലയുടെ മണ്ണിലേക്കൊഴുകിയെത്തുക.

പുണുര്‍തം, പൂയം , ആയില്യം ദിനങ്ങളിലായി ഉത്സവം കൊണ്ടാടുന്നു. ഉള്ളില്‍ വിശേഷപ്പെട്ട പൂജകള്‍ നടക്കുന്നു, വെളിയില്‍ കലാവതരണങ്ങള്‍ അരങ്ങേറുന്നു. നാടിന്റെ നാനാഭാഗത്തുനിന്നും ഭക്തജനങ്ങള്‍ അവരുടെ ആശ്രിതവത്സലനെ കാണുവാനായി എത്തുന്നു. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട്ട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറ് കാനന മദ്ധ്യേയാണ് മണ്ണാറശാല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിവിധ ഔഷധചെടികള്‍ ഉള്‍പ്പെടെ നിറഞ്ഞ വനവും കുളിര്‍മയേകുന്ന കാറ്റും ഇവിടെയെത്തുന്ന ഭക്തമനസ്സിന് അവാച്യമായ അനുഭൂതിയാണ് നല്‍കുന്നത്. എല്ലാ ദിവസവും ക്ഷേത്രനട വെളുപ്പിന് 5 ന് തുറക്കും. അഭിഷേകത്തോടെ പൂജകള്‍ ആരംഭിക്കും. 12 മണിയോടെ ഉച്ചപൂജ കഴിഞ്ഞ് അടയ്ക്കുന്ന നട വൈകിട്ട് 5 ന് ദര്‍ശനത്തിനായി തുറക്കും. ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് രാത്രി 8 മണിയോടെ നട അടയ്ക്കും. നൂറും പാലും, പാലഭിഷേകം, അര്‍ച്ചന, പായസ നിവേദ്യം, കദളിപ്പഴ, നിവേദ്യം എന്നീ വഴിപാടുകളും അപ്പം, അരവണ എന്നിവയും പ്രധാനമാണ്. സ്ത്രീകള്‍ മുഖ്യ പൂജാരിണിയായ പ്രധാന ക്ഷേത്രമായ മണ്ണാറശാലയിലെ പൂയം തൊഴലും, ആയില്യം എഴുന്നള്ളത്തും ദര്‍ശനപ്രധാനമാണ്.

മണ്ണാറശാലയിലെ ശ്രീനാഗരാജാവ് ഹരിസ്വരൂപനും ശിവാത്മകനുമാണെന്നാണ് വിശ്വാസം. പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ ശിവസ്വരൂപനായ സര്‍പ്പരാജാവ് വാസുകിയുടെ ചൈതന്യം പ്രകടമായും വിഷ്ണുസ്വരൂപനായ നാഗരാജാവ് അനന്തന്റെ ചൈതന്യം അന്തര്‍ലീനമായും കണ്ടതിനാല്‍ ശൈവപൂജാക്രമമാണ് ഇവിടെ സ്വീകരിക്കുന്നത്. എന്നാല്‍ നിലവറയില്‍ അനന്തഭഗവാന്റെ ചൈതന്യമാണ് ചിരഞ്ജീവിയായി കുടിക്കൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം സമാധിയായ ദിവ്യശ്രീ ഉമാദേവി അന്തര്‍ജനത്തിന് ശേഷം അമ്മയായി സ്ഥാനം ഏറ്റെടുത്ത ദിവ്യശ്രീ സാവിത്രി അന്തര്‍ജനത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍, നിലവറയിലേക്ക് എഴുന്നെള്ളത്തും, നൂറുംപാലും മറ്റു വിശേഷാല്‍ പൂജകളും ഉണ്ടാകും. അത് ദര്‍ശിച്ച് സായൂജ്യ മടയുവാന്‍ ധാരാളം ഭക്തര്‍ എത്തിച്ചേരും. അനന്തഭഗവാന്‍ സമാധിയിലിരിക്കുന്ന നിലവറയിലാണ് വിശേഷാല്‍ പൂജകള്‍. പൂയംതൊഴില്‍ ഇവിടെ അതിവിശേഷമാണ്. ദീപാലങ്കാരത്തിന്റെ പ്രഭയോടെ നാഗരാജാവും, സര്‍പ്പയക്ഷിയമ്മയും ഉപദേവതമാരും അലങ്കാര വിഭൂഷിതരായി ഭക്തര്‍ക്ക് അനുഗ്രഹമേകുന്നു.

പ്രകൃതിയോട് ഇണങ്ങി സ്ഥിതി ചെയ്യുന്ന മണ്ണാറശാല എന്നും പച്ച വിരിച്ചാണ് നില്‍ക്കുന്നത്. എണ്ണമറ്റ നാഗശിലകള്‍ അതിരുകാക്കുന്ന വിസ്തൃതമായ കാവുകളാല്‍ ചുറ്റപ്പെട്ടതാണ് മണ്ണാറശാല നാഗക്ഷേത്രം. അനേകതരം സസ്യജാലങ്ങളാല്‍, വൃക്ഷലതാദികളാല്‍ രൂപപ്പെട്ട മണ്ണാറശാല കാവുകളും ഉറവ വറ്റാത്ത കുളങ്ങളും കണ്ണിനും മനസിനും കുളിരേകുന്നു. പ്രകൃതി ശക്തികളേയും പ്രതിഭാസങ്ങളേയും ദൈവമായി ആചരിച്ച് പോരുന്ന മനുഷ്യകുലം ഒരര്‍ത്ഥത്തില്‍ പ്രകൃതിയെത്തന്നെയാണ് ആരാധിക്കുന്നത്. പ്രകൃതി ആരാധനയ്ക്ക് മത വിശ്വാസങ്ങളുടെ വേര്‍ തിരിവില്ല. ‘ഭുജംഗമ കുലാധിപം ഭുവനനാഥമാരാധയേ’, നാഗകുലത്തിന്റെ അധിപനായ ലോകനാഥനെ നമിക്കുന്നു എന്ന അര്‍ത്ഥം വരുന്ന ഈ വരികള്‍ മണ്ണാറശാല നാഗദൈവ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ആലേഖനം ചെയ്തിട്ടുള്ളതാണ്. ഈ വരികളില്‍ നിന്നും പ്രകൃതിയും നാഗാരാധനയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്നതാണ്. അതുകൊണ്ടുതന്നെ നാഗങ്ങളുടെ വിഹാര കേന്ദ്രമായ കാവുകള്‍ സംരക്ഷിക്കപ്പെടണം എന്ന പ്രമാണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.