വ്യാജരേഖ ഹാജരാക്കി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയിലെ ചങ്രബന്ധ ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റില്‍ ചൊവ്വാഴ്ചയാണ് ബംഗ്ലാദേശി ദമ്പതികള്‍ വ്യാജ ഇന്ത്യന്‍ രേഖകളുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇനാമുല്‍ ഹഖ് സൊഹൈല്‍, ഭാര്യ സഞ്ജിദ സീന ഇലാഹി എന്നീ ദമ്പതികളുടെ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെത്തി. ഇവരുടെ ഒരു കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഇന്ത്യയില്‍ വൈദ്യ പരിശോധനയ്ക്ക് ഏഴ് ദിവസത്തെ മെഡിക്കല്‍ വിസ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ദമ്പതികള്‍ കുഞ്ഞുമായി വന്നത്. എന്നാല്‍ കൈവശമുണ്ടായിരുന്ന മെഡിക്കല്‍ വിസ വ്യാജമാണെന്ന് അതിര്‍ത്തിയിലെ പരിശോധനയില്‍ വ്യക്തമായി. പിന്നാലെ സുഹൈലിനെ സൈന്യം തടഞ്ഞുവച്ച് പരിശോധിച്ചു.ദമ്പതികളുടെ ബാഗില്‍ നിന്ന് വ്യാജ ഇന്ത്യന്‍ ഐഡി കാര്‍ഡുകളും കണ്ടെത്തി. ബാഗിനകത്ത് തുണികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഐഡി കണ്ടുകെട്ടിയ ബി.എസ്.എഫ് ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ദമ്പതികളും കുഞ്ഞും ഇപ്പോള്‍ പശ്ചിമ ബംഗാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ബംഗ്ലാദേശിലെ അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം.