Newsperseconds.com

‘ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാല്‍ 2047-ഓടെ വികസിത ഭാരതമെന്ന സ്വപ്നം കൈവരിക്കാനാകും’; പ്രകൃതിദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു; 78-ാമത് സ്വതന്ത്രദിനാഘോഷ നിറവില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Untitled 1

ഡല്‍ഹി: രാജ്യം 78-ാമത് സ്വതന്ത്രദിനാഘോഷ നിറവില്‍ കൊണ്ടാടുമ്പോള്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കര്‍ശന സുരക്ഷയിലാണ് രാജ്യം. ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളും കര്‍ഷകരുമടക്കം 6000 പേര്‍ ചെങ്കോട്ടയിലെത്തി. വികസിത് ഭാരത് എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. വിവിധ സേന വിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം രാവിലെ 7.30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കൊളോണിയല്‍ ഭരണത്തില്‍ നിന്നുള്ള മോചനത്തിന് നടത്തിയത് നീണ്ട പോരാട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയല്‍ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം പേറുന്നതില്‍ അഭിമാനിക്കുന്നു. ഇന്ന് നാം 140 കോടി ജനതയാണ്. ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാല്‍ നമുക്ക് 2047-ഓടെ വികസിത ഭാരതം എന്ന സ്വപ്നം കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രകൃതിദുരന്തത്തില്‍ പൊലിഞ്ഞവരെ വേദനയോടെ ഓര്‍ക്കുന്നു.രാജ്യം അവരുടെ കുടുംബത്തിന് ഒപ്പമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്. നിരവധി പേര്‍ക്ക് കുടുംബാംഗങ്ങളെ നഷ്ടമായി. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം അവരോടൊപ്പം നിര്‍ക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കോറോണ കാലത്തേയും മോദി ഓര്‍മിച്ചു. മഹാമാരി കാലത്തെ മറക്കാനാവില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

മോദിയുടെ തുടര്‍ച്ചയായ 11-ാം സ്വാതന്ത്ര്യദിന പ്രസംഗമാണിത്. വികസിത ഭാരതം 2047 എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രമേയം. ഒളിമ്പിക് താരങ്ങള്‍, യുവാക്കള്‍, ഗോത്രസമൂഹം, കര്‍ഷകര്‍, സ്ത്രീകള്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു.

Share this Article

Leave a Comment