Newsperseconds.com

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറി; അഭിമാന നേട്ടം; രാഷ്ട്രപതി ദ്രൗപതി മുര്‍മു

Untitled 1

ന്യൂഡല്‍ഹി: രാജ്യം 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുടുംബത്തോടൊപ്പം വിവിധ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതുപോലെ, നമ്മുടെ സഹപൗരന്മാര്‍ ഉള്‍പ്പെടുന്ന നമ്മുടെ കുടുംബത്തോടൊപ്പമാണ് നാം സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും ആഘോഷിക്കുന്നത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരുടെ സ്വപ്നങ്ങളെയും, വരുംവര്‍ഷങ്ങളില്‍ രാഷ്ട്രം അതിന്റെ സമ്പൂര്‍ണ പ്രതാപം വീണ്ടെടുക്കുന്നതിന് സാക്ഷ്യം വഹിക്കുന്നവരുടെ അഭിലാഷങ്ങളെയും ബന്ധിപ്പിക്കുന്ന ശൃംഖലയുടെ ഭാഗമാണ് നാം എന്ന് അപ്പോള്‍ മനസിലാക്കുന്നു. പട്ടികജാതി- പട്ടികവര്‍ഗ-മറ്റ് പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി അഭൂതപൂര്‍വമായ നടപടികള്‍ ആരംഭിച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ സാമൂഹിക നീതിക്കാണ് മുന്‍ഗണന നല്‍കുന്ന’തെന്നും രാഷ്ട്രപതി പറഞ്ഞു.

സാമൂഹിക ജനാധിപത്യത്തിന്റെ അടിത്തറയിലല്ലാതെ രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് ബി ആര്‍ അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് മുര്‍മു വ്യക്തമാക്കി. ജനാധിപത്യത്തിന്റെ പുരോഗതി സാമൂഹിക ജനാധിപത്യത്തിന്റെ ദൃഢീകരണത്തിന്റെ തെളിവാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. വൈവിധ്യവും ബഹുസ്വരതയും ഉള്‍ക്കൊള്ളുന്ന ഒരു യോജിച്ച രാഷ്ട്രമായി ഇന്ത്യ മുന്നോട്ട് പോകുന്നുവെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ഈ ചരിത്ര ശൃംഖലയുടെ കണ്ണികളാണ് നാമെന്ന് തിരിച്ചറിയുന്നത് നമ്മെ വിനയാന്വിതരാക്കുന്നു. രാഷ്ട്രം വിദേശഭരണത്തിന്റെ കീഴിലായിരുന്ന നാളുകള്‍ അതു നമ്മെ ഓര്‍മിപ്പിക്കുന്നു. ദേശാഭിമാനികളും ധീരരുമായ മഹത്തുക്കള്‍ വളരെയധികം വെല്ലുവിളികള്‍ ഏറ്റെടുക്കുകയും പരമമോന്നത ത്യാഗങ്ങള്‍ വരിക്കുകയും ചെയ്തു. അവരുടെ ഓര്‍മകളെ നാം അഭിവാദ്യം ചെയ്യുന്നു. അവരുടെ നിരന്തരമായ പ്രയത്‌നത്തിലൂടെ, ഇന്ത്യയുടെ ആത്മാവ് നൂറ്റാണ്ടുകളുടെ ഉദാസീനതയില്‍ നിന്നുണര്‍ന്നു. പുറമേ ദൃശ്യമാകാതെ തുടര്‍ന്നിരുന്ന വ്യത്യസ്ത പാരമ്പര്യങ്ങളും മൂല്യങ്ങളും മഹത്തായ നേതാക്കളുടെ നിരവധി തലമുറകളില്‍ പുതിയ ആവിഷ്‌കാരങ്ങള്‍ കണ്ടെത്തി.

ഈ വര്‍ഷം നമ്മുടെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോള്‍, യോഗ്യതയുള്ള വോട്ടര്‍മാരുടെ എണ്ണം ഏകദേശം 97 കോടിയാണ്. ഇത് ചരിത്രപരമായ റെക്കോര്‍ഡായിരുന്നു. മനുഷ്യരാശി ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയായി ഇത് മാറി. ഇത്തരമൊരു ബൃഹദ് പരിപാടിയുടെ സുഗമവും കുറ്റമറ്റതുമായ നടത്തിപ്പിന് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിക്കേണ്ടതുണ്ട്. ചൂടിനെ അതിജീവിച്ച്, വോട്ടര്‍മാരെ സഹായിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇത്രയധികം പേര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍, അത് ജനാധിപത്യം എന്ന ആശയത്തിനുള്ള മഹത്തായ വോട്ടാണ്. ഇന്ത്യയുടെ വിജയകരമായ തെരഞ്ഞെടുപ്പ് ലോകമെമ്പാടുമുള്ള ജനാധിപത്യ ശക്തികള്‍ക്കു കരുത്തേകുന്നു.

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയിരിക്കുന്നു എന്നത് എല്ലാവര്‍ക്കും അഭിമാനകരമാണ്. മാത്രമല്ല, നാം ഉടന്‍ തന്നെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും അശ്രാന്ത പരിശ്രമവും ആസൂത്രകരുടെയും സമ്പത്ത് സൃഷ്ടിക്കുന്നവരുടെയും ദീര്‍ഘവീക്ഷണവും മികവുറ്റ നേതൃത്വവുമാണ് ഇത് സാധ്യമാക്കിയത്. കര്‍ഷകര്‍, നമ്മുടെ അന്നദാതാക്കള്‍, കാര്‍ഷികോല്‍പ്പാദനം പ്രതീക്ഷകള്‍ക്കുമപ്പുറം തുടരുന്നുവെന്ന് അവര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ, ഇന്ത്യയെ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തമാക്കുന്നതിനും നമ്മുടെ ജനങ്ങളെ പോറ്റുന്നതിനും അവര്‍ വളരെയധികം സംഭാവനകളേകി. സമീപ വര്‍ഷങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉത്തേജനം ലഭിച്ചിട്ടുണ്ട്. തന്ത്രപരമായ ആസൂത്രണവും ഫലപ്രദമായ സ്ഥാപനങ്ങളും റോഡുകളുടെയും ഹൈവേകളുടെയും റെയില്‍വേയുടെയും തുറമുഖങ്ങളുടെയും ശൃംഖല വികസിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

സാമൂഹ്യനീതി ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പാര്‍ശ്വവത്കൃത ജന വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് അഭൂതപൂര്‍വമായ ഒട്ടേറെ സംരംഭങ്ങള്‍ ഗവണ്‍മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, പ്രധാന്‍ മന്ത്രി സമാജിക് ഉത്ഥാന്‍ ഏവം റോസ്ഗര്‍ ആധാരിത് ജന്‍കല്യാണ്‍ അഥവാ പിഎം-സുരാജ്, പാര്‍ശ്വവത്കരിക്കപ്പെട്ട ജന സമൂഹങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കാന്‍ ലക്ഷ്യമിടുന്നു. നമ്മുടെ സമൂഹത്തില്‍ സ്ത്രീകളെ തുല്യരായല്ല, കൂടുതല്‍ തുല്യരായി കണക്കാക്കുന്നു. എങ്കിലും, പരമ്പരാഗതമായ പല മുന്‍വിധികള്‍ക്കും അവര്‍ ഇരയാകേണ്ടി വന്നിട്ടുണ്ട്. വനിതകളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനും ഗവണ്‍മെന്റ് തുല്യ പ്രാധാന്യം നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ഇന്ത്യയില്‍ നാം ശാസ്ത്രസാങ്കേതികവിദ്യയെ അറിവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായും മാനുഷിക പുരോഗതിക്കുള്ള ഉപകരണമായും കാണുന്നു. ഉദാഹരണത്തിന്, ഡിജിറ്റല്‍ ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട നമ്മുടെ നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ മാതൃകാ രൂപരേഖയായി ഉപയോഗിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ ബഹിരാകാശ പര്യവേഷണത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചു. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രയില്‍ അടുത്ത വര്‍ഷം ഒരു സംഘത്തെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി നിങ്ങള്‍ക്കെല്ലാവര്‍ക്കുമൊപ്പം ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എല്ലാ ഭാരതീയര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

Share this Article

Leave a Comment