Newsperseconds.com

പാലക്കാടും ഇനി സ്മാര്‍ട്ട് ആവും; അരലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരം ലഭിക്കുന്ന വ്യവസായ സ്മാര്‍ട്ട്‌സിറ്റി പ്രഖ്യാപനവുമായി കേന്ദ്രം

Untitled 1

ന്യൂഡല്‍ഹി: അരലക്ഷത്തോളം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന വ്യവസായ സ്മാര്‍ട്ട് സിറ്റി ഇനി പാലക്കാടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പദ്ധതിക്ക് അനുമതി നല്‍കി. കേന്ദ്രമന്ത്രി സഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് വ്യവസായ നഗരം സ്ഥാപിക്കുന്നത്. 3806 കോടി രൂപ മുതല്‍ മുടക്കില്‍ 1710 ഏക്കര്‍ വിസ്തൃതിയിലാണ് വ്യവസായ സ്മാര്‍ട്ട് സിറ്റി ഒരുങ്ങുക. 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

കൊച്ചി- സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുന്നത്. 8,729 കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ളതാണ് പദ്ധതി. മെഡിക്കല്‍ കെമിക്കലുകള്‍, ഹൈടെക് വ്യവസായങ്ങള്‍, യന്ത്രസാമഗ്രികള്‍, റബ്ബര്‍ ഉത്പനങ്ങള്‍ തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആഗോള ഉത്പാദന രംഗത്ത് കേരളത്തെ ഒരു സുപ്രധാന ഹബ്ബ് ആക്കി മാറ്റാന്‍ പദ്ധതിക്ക് സാധിക്കും. രാജ്യത്താകമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട്. ‘പ്ലഗ്-എന്‍-പ്ലേ’, ‘വാക്ക്-ടു-വര്‍ക്ക്’ എന്നീ ആശയങ്ങളോടെ ലോകോത്തര ഗ്രീന്‍ഫീല്‍ഡ് വ്യാവസായിക സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ് എന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. ശക്തവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതികള്‍ ലക്ഷ്യമിടുന്നത് എന്ന് സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

വികസിത് ഭാരത് പദ്ധതി പ്രകാരമാണ് വ്യവസായ സ്മാര്‍ട് സിറ്റികള്‍ വരുന്നത്. ഇതിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതികളിലൂടെ 12 ലക്ഷം പേര്‍ക്ക് നേരിട്ടും 20 ലക്ഷത്തിലേറെപ്പേര്‍ക്ക് പരോക്ഷമായും തൊഴിലവസരം ലഭിക്കും. ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുരപാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍ വരുന്നത്.

Share this Article

Leave a Comment