ദീപാവലി ആഘോഷത്തില്‍ നിറഞ്ഞാടി രാജ്യം. രാവിനെ പകലാക്കി വീടുകളും സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചിരിക്കുകയാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ദീപാവലി അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവമാണ്. വിളക്കുകള്‍ തെളിച്ചും വര്‍ണ്ണ മനോഹരമായ പടക്കങ്ങള്‍ പൊട്ടിച്ചും ഇതാഘോഷിക്കുന്നു. കൂടാതെ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും ദീപാവലി ആഘോഷിക്കപ്പെടുന്നു. ‘തമസോമാ ജ്യോതിര്‍ഗമയ’ എന്ന വേദവാക്യമാണ് ദീപാവലിയുടെ സന്ദേശം. ഇരുളിന്റെ മേല്‍ വെളിച്ചതിന് ഉള്ള പ്രാധാന്യം അഥവാ തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം ആണ് ഈ ഉത്സവത്തിന്റെ സന്ദേശം.
കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഇന്ന് തന്നെയാണ് ദീപാവലി ആഘോഷിക്കുന്നത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം നിറക്കുന്നതാകട്ടെ ദീപാവലി ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘500 വര്‍ഷങ്ങള്‍ക്കു ശേഷം ഭഗവാന് ശ്രീരാമന് അയോധ്യയിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രൗഢമായ ക്ഷേത്രത്തില്‍ അദ്ദേഹത്തോടൊപ്പം ആഘോഷിക്കുന്ന ആദ്യത്തെ ദീപാവലിയാണിത്’- മോദി എക്സില്‍ കുറിച്ചു.
കേരളത്തില്‍, ഭഗവാന് കൃഷ്ണന് നരകാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായും, മഹാലക്ഷ്മിയുടെ അവതാര ദിവസമായും ദീപാവലി ആഘോഷിക്കപ്പെടുന്നു. അതിനാല്‍ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഭഗവതി ക്ഷേത്രങ്ങളിലും ഈ ദിവസം വിശേഷമാണ്. ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ഗുരുവായൂര്‍, അമ്പലപ്പുഴ, ചോറ്റാനിക്കര, ആറ്റുകാല്‍, കൊല്ലൂര്‍ മൂകാംബിക തുടങ്ങിയ പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് അനുഭവപ്പെടുന്ന ഒരു ദിവസം കൂടിയാണ് ദീപാവലി.