കെ നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. സംശയാസ്പദമായ മുറിവുകളോ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമോ ഒന്നും തന്നെയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
എഡിഎം നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷി മൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ല. പ്രതി പിപിദിവ്യയുടെയും കലക്ടറുടെയും പ്രശാന്തിന്റെയും കോള്‍ ഡേറ്റ രേഖകള്‍ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത് കൊടേരി നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
എന്നാല്‍ നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് പരിശോധന നടത്തും മുന്‍പ് അനുമതി തേടിയിരുന്നില്ലെന്ന് ബന്ധു അനില്‍ പി നായര്‍ ആരോപണവുമായി എത്തി. പോസ്റ്റ്മോര്‍ട്ടം പരിയാരത്ത് നടത്തരുതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പാടുള്ളൂ എന്നും കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇന്‍ക്വസ്റ്റ് കഴിഞ്ഞു എന്നുള്ള വിവരമാണ് പൊലീസ് തങ്ങളെ അറിയിച്ചിരുന്നത്. മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങള്‍ പോലും സൂക്ഷിച്ചിട്ടില്ല. കേസില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തങ്ങള്‍ക്കുള്ള ആശങ്കകളും സംശയങ്ങളുമാണ് അറിയിച്ചതെന്നും ബന്ധു പ്രതികരിച്ചു.