ഹൈദരാബാദ്: പുഷ്പ 2 കാണാനെത്തിയ യുവതിയ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തിയേറ്റര്‍ ഉടമ സന്ദീപ്, സീനിയര്‍ മാനേജര്‍ നാഗരാജു, മാനേജര്‍ വിജയ് ചന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തിയേറ്റര്‍ മാനേജ്മെന്റിന്റെ അനാസ്ഥയാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഡിസംബര്‍ നാലിന് പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന 39 കാരിയായ സ്ത്രീയാണ് മരിച്ചത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാന്‍ അല്ലു അര്‍ജുനും തിയറ്ററില്‍ എത്തിയപ്പോഴാണ് സംഭവം. അല്ലു എത്തിയത് അറിഞ്ഞ് ആരാധകര്‍ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണമായത്. തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു.
സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. രേവതിയുടെ മരണത്തില്‍ ഖേദം പ്രകടിപ്പിച്ച് അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരുന്നു. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ അല്ലു, എല്ലാ സഹായവും നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. രേവതിയുടെ കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും എല്ലാ സഹായവും നല്‍കുമെന്നും അല്ലു പറഞ്ഞിരുന്നു.