ഇന്ത്യയുടെ പതിമൂന്നാമത്തെയും, പതിനാലാമത്തെയും പ്രധാനമന്ത്രിയും, രാജ്യാന്തരതലത്തില്‍ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ് വിടവാങ്ങി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മന്‍മോഹന്‍ സിങ് മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാഷ്ട്രീയത്തിലെത്തിയത്. ഒടുവില്‍ 2004 മേയ് 22 ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിലുമെത്തി. സിഖ്മതസ്ഥനായ ആദ്യ പ്രധാനമന്ത്രിയും, ഹൈന്ദവ സമുദായത്തില്‍ നിന്നുമല്ലാതെ പ്രധാനമന്ത്രിയാവുന്ന ആദ്യത്തെ വ്യക്തിയും കൂടെയാണ് മന്‍മോഹന്‍ സിങ്.
ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് വിട വാങ്ങിയത്. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സാമ്പത്തിക വിദഗ്ദ്ധനായാണ് മന്‍മോഹന്‍ സിങിനെ വിലയിരുത്തേണ്ടത്. പഞ്ചാബ് സര്‍വ്വകലാശാല, കേംബ്രിഡ്ജ് സര്‍വകലാശാല, ഓക്‌സ്ഫഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠിച്ചാണ് ഡോ. സിംഗ് സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹം നേടിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നനിലയില്‍ ദേശീയതലത്തിലും അന്താരാഷ്ട്ര നാണയനിധി(ഐ.എം.എഫ്.) അംഗമെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധനേടിയ ശേഷമാണ് രാഷ്ട്രീയത്തിലെത്തുന്നത്.
ധനമന്ത്രി പദത്തിലിരിക്കുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറതന്നെ മാറ്റിവരയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. സോഷ്യലിസ്റ്റ്/മുതലാളിത്ത സമ്മിശ്ര സാമ്പത്തിക വ്യവസ്ഥിതിയില്‍ പടുത്തുയര്‍ത്തപ്പെട്ട ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും വേണ്ടി തുറന്നിടുകയായിരുന്നു സിങിന്റെ ആദ്യത്തെ പരിഷ്‌കാരം. ഈ സാമ്പത്തിക നയങ്ങള്‍ തുടക്കത്തില്‍ ഒട്ടേറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയിരുന്നു.ധ5പ എന്നാല്‍ പിന്നീട് മറ്റു പല രാഷ്ട്രീയ സംഘടനകളും ഭരണതന്ത്രജ്ഞരും മന്‍മോഹന്‍ സിങിന്റെ പരിഷ്‌കാരങ്ങളെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതലത്തില്‍ അംഗീകരിച്ചു. 1991 ലെ ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആവിഷ്‌കര്‍ത്താവ് എന്ന നിലയിലും സിങ് വ്യവസായികളുടെ ഇടയില്‍ അറിയപ്പെടുന്നുണ്ട്.
2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ മന്മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രിയായി. ഇതോടെ ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം അഞ്ചു വര്‍ഷം അധികാരം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി പദത്തില്‍ വീണ്ടുമെത്തുന്ന പ്രധാനമന്ത്രിയായി സിങ്. 2010 ല്‍ ടൈം മാസിക ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള 100 ആളുകളില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു.
1958ലായിരുന്നു വിവാഹം. ഭാര്യ ഗുര്‍ശരണ്‍ കൗര്‍. മൂന്ന് പെണ്‍ മക്കളുടെ പിതാവാണ് അദ്ദേഹം. മൂത്ത മകള്‍ ഉപീന്ദര്‍ സിങ് ദില്ലി സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയായിരുന്നു. രണ്ടാമത്തെ മകള്‍ ദമന്‍ സിങ് എഴുത്തുകാരിയാണ്. ഇളയ മകള്‍ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനില്‍ സ്റ്റാഫ് അറ്റോര്‍ണിയാണ്. 1960 ഓക്‌സ്‌ഫോഡില്‍ ഗവേഷണത്തിന് ചേര്‍ന്നു. 1962ല്‍ ഡോക്ടറേറ്റ് നേടിയതിന് ശേഷം വീണ്ടും പഞ്ചാബ് സര്‍വകലാശാലയില്‍ അധ്യാപകനായി. ലണ്ടനിലെ ഉപരിപഠനം സ്‌പോണ്‍സര്‍ ചെയ്ത പഞ്ചാബ് സര്‍വകലാശാലയുമായുള്ള കരാര്‍ പ്രകാരമാണ് 1966 വരെ അവിടെ അധ്യാപകനായി ജോലി ചെയ്തത് 1966-69 കാലത്ത് ഐക്യരാഷ്ട്ര സഭയുടെ ട്രേഡ് ആന്റ് ഡെവലപ്‌മെന്റില്‍ പ്രവര്‍ത്തിച്ചു.