ബെംഗളൂരു: രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ പ്രൊഫഷണലും ഭാര്യയും ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ 38 കാരനായ അനൂപ്, 35 കാരിയായ ഭാര്യ രാഖി, ഇവരുടെ മക്കളായ അഞ്ച് വയസുകാരി അനുപ്രിയ, രണ്ട് വയസുള്ള പ്രിയാന്‍ഷ് എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു. യുപിയിലെ പ്രയാഗ് രാജ് സ്വദേശിയായ അനൂപും ഭാര്യയും കഴിഞ്ഞ എട്ട് വര്‍ഷമായി ബംഗളുരുവിലെ ആര്‍എംവി സെക്കന്റ് സ്റ്റേജിലെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മാനസിക വെല്ലുവിളി നേരിടുന്ന മൂത്ത കുട്ടി അനുപ്രിയയുടെ ആരോഗ്യസ്ഥിതിയില്‍ ദമ്പതികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് വീട്ടുജോലിക്കാരി പൊലീസിന് മൊഴി നല്‍കി.
ശനിയാഴ്ച രാത്രി വരെ കാര്യങ്ങള്‍ സാധാരണ നിലയിലായിരുന്നെന്നും ദമ്പതികള്‍ സന്തോഷത്തിലായിരുന്നുവെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. അനുപ്രിയയുടെ അവസ്ഥയില്‍ നിരാശരായ ദമ്പതികള്‍ അതിനുമുമ്പ് ജീവിതം അവസാനിപ്പിക്കാനും മക്കളെ കൊല്ലാനും തീരുമാനിച്ചിരുന്നതായി പോലീസ് സംശയിക്കുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കുട്ടികളെ ആദ്യം കൊലപ്പെടുത്തിയ ഇവര്‍ പിന്നീട് താമസസ്ഥലത്ത് തൂങ്ങിമരിക്കുകയായിരുന്നു.