പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും കത്തയച്ചു
കശ്മീരിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് രണ്ട് കോടി രൂപ വീതം ധനസഹായം നൽകണമെന്നും അവരുടെ ത്യാഗം സ്മരിക്കുന്നതിന് പ്രത്യേക സ്മാരകം കശ്മീരിൽ തന്നെ നിർമ്മിക്കണമെന്നും ആർഐപി ദേശീയ സെക്രട്ടറി ജനറൽ ഡോ രാജീവ് മേനോൻ. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. മനസാക്ഷിയെ പിടിച്ചുലക്കുന്ന സംഭവങ്ങളാണ് കശ്മീരിൽ നടന്നത്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നമുക്ക് ചെയ്ത് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങൾ തന്നെ ചെയ്യണം. വരും തലമുറയും അവരുടെ ജീവത്യാഗം സ്മരിക്കണം. ഇതിന് സ്മാരകം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം സർക്കാരും സിവിൽ സമൂഹവും ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ജമ്മു കശ്മീരിലെ ‘മിനി സ്വിറ്റ്‌സർലൻഡ്’ എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്കു പരുക്കേറ്റു. സൈനിക വേഷത്തിൽ എത്തിയ ദീകരർ ഏപ്രിൽ 22 ന് ഉച്ചകഴിഞ്ഞ് 3നു സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. പുരുഷന്മാരെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷമുള്ള കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.