ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ ദുബൈ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്താൻ അതിവേഗം മുന്നേറുന്നു. യാത്രാസമയം ഗണ്യമായി കുറയ്ക്കാനും നഗരത്തിനുള്ളിലെ സഞ്ചാരം കൂടുതൽ സുഗമമാക്കാനും ഡ്രൈവറില്ലാ വാഹനങ്ങളും അതിവേഗ ഭൂഗർഭ ഗതാഗത സംവിധാനമായ ‘ദുബൈ ലൂപ്പും’ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഓരോ ഡ്രൈവറില്ലാ വാഹനത്തിനും നാല് മുതൽ ആറ് വരെ യാത്രക്കാരെ വഹിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനും കഴിയും. 2026ഓടെ നഗരത്തിൽ യാത്ര “കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ” ആകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
റോഡിലൂടെ 20 മിനിറ്റ് എടുക്കുന്ന ദൂരം വെറും മൂന്ന് മിനിറ്റിൽ എത്തിച്ചേരാൻ സഹായിക്കുന്ന ദുബൈ ലൂപ്പ് ഈ വർഷം തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ചെയർമാൻ മത്താർ അൽ തായർ പദ്ധതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചതായി അറിയിച്ചു. ഇലോൺ മസ്കിന്റെ ‘ദ ബോറിംഗ് കമ്പനി’യാണ് പൂർണ്ണമായും വൈദ്യുതിയിലൂടെ പ്രവർത്തിക്കുന്ന ഈ ഭൂഗർഭ ഗതാഗത സംവിധാനം ഒരുക്കുന്നത്. ആദ്യഘട്ടത്തിന് മാത്രം 60 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുമ്പോൾ, പദ്ധതി പൂർണമായി നടപ്പിലാകുമ്പോൾ ആകെ ചെലവ് 250 കോടി ദിർഹമാകും. അമേരിക്കയിലെ ലാസ് വെഗാസിന് ശേഷം ലോകത്ത് ഇത്തരം സംവിധാനത്തിന് ഒരുങ്ങുന്ന രണ്ടാമത്തെ നഗരമായി ദുബൈ മാറുകയാണ്.