കൊച്ചി: ശബരിമല മണ്ഡല-മകരവിളക്ക് കാലയളവിൽ സന്നിധാനത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സംശയാസ്പദമായ പണമിടപാടുകൾ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി. 2025 നവംബർ 17 മുതൽ സേവനമനുഷ്ഠിച്ച ചില സ്ഥിരവും താൽക്കാലികവുമായ ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകളിൽ അസാധാരണത്വം കണ്ടെത്തിയതായി ചീഫ് വിജിലൻസ് ഓഫിസർ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് മൂന്നാഴ്ചയ്ക്കകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.
ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സന്നിധാനത്തിലെ രണ്ട് ബാങ്ക് ശാഖകളിലും പോസ്റ്റ് ഓഫിസിലുമായി നടത്തിയ പരിശോധനയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷം രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾ നടന്നതായി കണ്ടെത്തി. ഒരു പത്തനംതിട്ട സ്വദേശി 1.38 ലക്ഷം രൂപയും മറ്റൊരാൾ 1.07 ലക്ഷം രൂപയും അയച്ചതായും മൂന്ന് പേർ 25,000 രൂപയ്ക്കുമുകളിലുള്ള തുക കൈമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാൻ വിളിച്ചിട്ടും ചിലർ ഹാജരായിട്ടില്ലെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സന്നിധാനത്തിലെ മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ചു ബാങ്ക്-പോസ്റ്റ് ഓഫീസ് ഇടപാടുകൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.