ന്യൂഡൽഹി: ബാങ്ക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച കേസിൽ വ്യവസായി അനിൽ അംബാനിയുടെ ₹3,716 കോടി വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താത്കാലികമായി കണ്ടുകെട്ടി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആർകോം) ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിലാണ് നടപടി. മുംബൈയിലെ പാലി ഹിൽ പ്രദേശത്തെ 17 നിലകളുള്ള, 66 മീറ്റർ ഉയരമുള്ള ‘അബോഡ്’ എന്ന ആഡംബര വസതിയും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഏകദേശം ₹473.17 കോടി വിലമതിക്കുന്ന ഈ കെട്ടിടം ഉൾപ്പെടെ വിവിധ ആസ്തികളാണ് ഇഡി അറ്റാച്ച് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അംബാനിയെ വീണ്ടും വിളിപ്പിച്ചിട്ടുണ്ടെന്നും, 2025 ഓഗസ്റ്റിൽ ആദ്യമായി മൊഴി നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.
റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ) റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് (ആർസിഎഫ്എൽ) യെസ് ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പൊതു ഫണ്ടുകൾ വകമാറ്റി കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ് നടപടി. 2017–2019 കാലയളവിലെ ഇടപാടുകളാണ് കേസിന്റെ അടിസ്ഥാനമെന്ന് ഇഡി വ്യക്തമാക്കി. ഇതുവരെ ₹12,000 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ അറ്റാച്ച് ചെയ്തതായും റിലയൻസ് ഗ്രൂപ്പ് കമ്പനികൾക്കെതിരെ മൂന്ന് ഇസിഐആർ (എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍)) രജിസ്റ്റർ ചെയ്തതായും അറിയിച്ചു. യെസ് ബാങ്ക് നൽകിയ ₹3,000 കോടി വായ്പ അനുവദിക്കുന്നതിന് മുമ്പ് പ്രമോട്ടർമാരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം എത്തിയെന്ന കണ്ടെത്തലും അന്വേഷണത്തിൽ പുറത്ത് വന്നതായി ഇഡി അവകാശപ്പെട്ടു.