ആലപ്പുഴ: പാർട്ടിയിൽ നിന്ന് നേരിട്ട അപമാനവും അനുഭവങ്ങളും ചൂണ്ടിക്കാട്ടി, അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടി മെമ്പർഷിപ്പ് പുതുക്കേണ്ടതില്ലെന്ന തീരുമാനം ഇതിനോടകം എടുത്തതായും അദ്ദേഹം പറഞ്ഞു. എന്നാൽ പാർട്ടിയെ ആക്ഷേപിക്കാനോ വ്യക്തിഹത്യ നടത്താനോ തനിക്ക് ഉദ്ദേശമില്ലെന്നും, പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.
യാതൊരു മുന്നണിയുടെയും സ്ഥാനാർഥിയായി മത്സരിക്കില്ലെന്നും, ആരുടേയെങ്കിലും പിന്തുണ തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന സുധാകരൻ, യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പാർട്ടിക്കുള്ളിൽ വ്യക്തിഹത്യ രാഷ്ട്രീയമാണ് നടക്കുന്നതെന്നും, രാഷ്ട്രീയ ആയുധമായ ആശയങ്ങളെ മറികടന്ന് ഇത്തരം പ്രവണതകൾ ശക്തമാകുന്നത് പാർട്ടിക്കും രാഷ്ട്രീയത്തിനും ദോഷകരമാണെന്നും സുധാകരൻ വിമർശിച്ചു.