ഇടുക്കി: കെെയ്യേറ്റം ഒഴിപ്പിക്കലിൽ ഇടപെടലുമായി ഹെെക്കോടതി. വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുതെന്നും കൃഷി ഭൂമി പരിപാലിക്കണമെന്നും ഹെെക്കോടതി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹെെക്കോടതിയുടെ നിർണായക ഇടപെടൽ. കെെയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കുന്നത് ഒഴിവാക്കുന്നതിനൊപ്പം ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്,ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ഇതിനു പുറമേ, വിളകൾ നശിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കണമെന്നും. ഇത്തരം ഭൂമികൾ കുടുംബശ്രീയെ വേണമെങ്കിൽ ഏൽപ്പിക്കാമെന്നും ഹെെക്കോടതി നിർദേശിച്ചു. ഇതിന് സാധിക്കില്ലെങ്കിൽ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു.
അതേസമയം, കെെയ്യേറ്റഭൂമിയിൽ താമസമുള്ള കെട്ടിടത്തിനോട് ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് തടസ്സമില്ല. താമസക്കാർ തുടരുന്നത് സംബന്ധിച്ച് സർക്കാർ തീരുമാനം അനുസരിച്ച ഉചിത സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. കെട്ടിടം നിർമിക്കാൻ എൻഒസി വേണമെന്ന വിഷയത്തിൽ പത്തു വർഷം പിന്നിട്ടിട്ടും തീരുമാനമായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടയം നൽകുന്നതിനും കൃത്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനും സർക്കാർ വിശദീകരണം നൽകണം. വിഷയം നവംബർ 7ന് കോടതി വീണ്ടും പരിഗണിക്കും.