നിലമ്പൂര്‍ എംഎൽഎ പി വി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമി കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടരഞ്ഞി വില്ലേജില്‍ പിവി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന 90.3 സെന്‍റ് ഭൂമി കണ്ടുകെട്ടുന്ന നടപടിയാണ് തുടങ്ങിയത്. വിവിധ താലൂക്കുകളിലായി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന 6.24 ഏക്കര്‍ ഭൂമി കണ്ടുകെട്ടാനായിരുന്നു താലൂക്ക് ലാന്‍റ് ബോര്‍ഡ് ചെയര്‍മാന്‍റെ ഉത്തരവനുസരിച്ചാണ് നടപടി. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലില്‍ അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ താമരശ്ശേരി താലൂക്ക് ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ കെ ഹരീഷിന്‍റെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി.
ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി വി അന്‍വര്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്ന് കഴിഞ്ഞ മാസം 26ന് താമരശ്ശേരി താലൂക്ക് ലാന്‍റ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കകം നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഭൂമി കണ്ടുകെട്ടുമെന്നായിരുന്നു ഉത്തരവ്. സമയ പരിധി അവസാനിച്ചിട്ടും ഭൂമി തിരികെ നല്‍കാന്‍ അന്‍വര്‍ തയ്യാറാകാത്തതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചത്.
അൻവർ കെെയ്യേറിയ ഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തിന്‍റെ ഉടമകള്‍ക്ക് ഇനി നോട്ടീസ് അയക്കുകയും. ഇവരുടെ ഭൂരേഖകളുമായി ഒത്തു നോക്കിയ ശേഷം അതിര്‍ത്തി നിര്‍ണ്ണയിച്ച് കല്ലിടുകയും ചെയ്യും. കക്കാടം പൊയിലില്‍ 90.3 സെന്‍റ് ഭൂമിയാണ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടേണ്ടത്. ഇതിന് പുറമേ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ താലൂക്കിലും കണ്ടുകെട്ടേണ്ട മിച്ച ഭൂമിയുണ്ട്.