ഏകാദശികളില്‍ തന്നെ പ്രധാനമാണ് ഗുരുവായൂര്‍ ഏകാദശി. വൃശ്ചികത്തിലെ ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികള്‍ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം അനുഷ്ഠിക്കുന്നത്. ഈ വർഷത്തെ ഏകാദശി നവംബർ 23 വ്യാഴാഴ്ചയാണ്. ഏകാദശി ഉത്സവത്തോടനുബന്ധിച്ചുള്ള ഏകാദശി വിളക്കുകൾക്ക് ഒക്ടോബർ 25നു തന്നെ തുടക്കമായി. കുടുംബങ്ങളും സ്ഥാപനങ്ങളും വ്യക്തികളും വഴിപാടായാണ് ഏകാദശി വിളക്കു നടത്തുന്നത്.
രാത്രി ശീവേലിക്കു ശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ തെളിച്ച് മൂന്ന് ആനകളെ എഴുന്നള്ളിച്ച് ഇടയ്ക്ക, നാഗസ്വര വാദ്യങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. ആഘോഷങ്ങളുടെ ഭാഗമായി വിശേഷാൽ കാഴ്ചശീവേലി, ഇടയ്ക്ക പ്രദക്ഷിണം, മേളം, പഞ്ചവാദ്യം, തായമ്പക എന്നിവയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. നവംബർ 23 ന് ഏകാദശി ദിനത്തിൽ ഗുരുവായൂർ ദേവസ്വമാണ് വിളക്ക് നടത്തുന്നത്.