തിരുവനന്തപുരം മാനവീയം വീഥിയിൽ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പൊലീസ്. രാത്രി ആഘോഷങ്ങൾക്ക് തുറന്നു നൽകിയതിനെ തുടർന്ന് അക്രമ സംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് പൊലീസിൻ്റെ തീരുമാനം. രാത്രി 12 മണിക്ക് ശേഷം കലാപരിപാടികൾ പാടില്ല. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കും. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ അടിയിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച്ച രാത്രി നടന്നത് പോലെയുള്ള ഇത്തരം അക്രമ സംഭവങ്ങൾ മാനവീയം വീഥിയിൽ പതിവായതോടെയാണ് നിയന്ത്രണം ശക്തമാക്കണമെന്നു മ്യൂസിയം പൊലീസ് ശുപാർശ നൽകിയത്. നിയന്ത്രണം സംബന്ധിച്ച റിപ്പോർട്ട് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.
12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണം, ഒരു സമയം ഒന്നിൽ കൂടുതൽ കലാ പരിപാടികൾ അനുവദിക്കില്ല, 11 മണിക്ക് ശേഷം ദ്രുതകർമ്മ സേനയെ വിന്യസിക്കും, ലഹരി ഉപയോഗം തടയാൻ എക്‌സൈസിന്റെ ഉൾപ്പടെ പരിശോധന, നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം വെള്ളിയാഴ്ച്ചയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മർദ്ദനമേറ്റ പൂന്തുറ സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.