തീര്‍ഥാടകര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയും ദേവസ്വം ബോര്‍ഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങള്‍. പമ്പ മുതല്‍ സന്നിധാനം വരെ ‘ശബരീ തീര്‍ത്ഥം’ എന്ന പേരില്‍ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്‌കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.’റിവേഴ്‌സ് ഓസ്‌മോസിസ് ‘ പ്രക്രിയ വഴി ശുദ്ധീകരിച്ച വെള്ളമാണ് നല്‍കുന്നത്. മണിക്കൂറില്‍ 35000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഇതിനായുള്ളത്.പമ്പ ത്രിവേണിയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം പമ്പ, നീലിമലബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ടാങ്കുകളിലെത്തിച്ചാണ് വിതരണം ചെയ്യുന്നത്.പമ്പയില്‍ 2.8 ലക്ഷം ലിറ്റര്‍, രണ്ട് ലക്ഷം ലിറ്റര്‍, 1. 35 ലക്ഷം ലിറ്റര്‍ എന്നിങ്ങനെ സംഭരണശേഷിയുള്ള മൂന്ന് ടാങ്കുകളുണ്ട്. നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ടാങ്കുകള്‍ക്ക് രണ്ട് ലക്ഷം ലിറ്റര്‍ വീതമാണ് സംഭരണശേഷി. ശരംകുത്തിയിലേത് ആറ് ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് ആണ്. ഇത് കൂടാതെ പാണ്ടിത്തളത്തിന് സമീപം ദേവസ്വം ബോര്‍ഡിന്റെ 40 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാവുന്ന ടാങ്കുകള്‍ ഉണ്ട്.
കുന്നാര്‍ ഡാമില്‍ നിന്നാണ് ദേവസ്വം ബോര്‍ഡ് ടാങ്കുകളിലേക്ക് വെള്ളം എത്തിക്കുന്നത്. ഇവിടെ ആവശ്യത്തിന് വെള്ളം ഇല്ലാതെ വരുന്ന അവസരങ്ങളില്‍ വാട്ടര്‍ അതോറിറ്റി ഈ ടാങ്കുകളിലേക്കും വെള്ളം എത്തിക്കും.പമ്പ ഹില്‍ ടോപ്പില്‍ പ്രളയത്തില്‍ തകര്‍ന്ന വിതരണ പൈപ്പുകള്‍ പുനസ്ഥാപിച്ചു വെള്ളമെത്തിക്കാനും കഴിഞ്ഞു.ഹില്‍ടോപ്പില്‍ ചെറു വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവുണ്ടായതിനേത്തുടര്‍ന്നാണ് അടിയന്തരമായി ഇവിടെയും വെള്ളം എത്തിക്കാന്‍ നടപടിയെടുത്തത്.