ചികിത്സയ്ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിന് പിന്നാലെ മാലിദ്വീപ് സ്വദേശിയായ 14കാരൻ മരിച്ച സംഭവത്തിൽ പരാതി. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വിൽമിങ്ടനിൽ താമസിക്കുന്ന 14 വയസ്സുകാരനാണ് കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയർ ആംബുലൻസ് ആവശ്യപ്പെട്ടു. എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായില്ലെന്ന് അധികൃതർ.
പ്രാദേശിക മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച് , ഇന്ത്യ നൽകിയ ഡോർണിയർ വിമാനം മാലിദ്വീപിൽ എയർ ആംബുലൻസായി ഉപയോഗിക്കുന്നുണ്ട്. ചികിത്സ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഈ വിമാനം ഉപയോഗിച്ച് വന്നിരുന്നത്.
എന്നാൽ വിമാനം ആവശ്യപ്പെട്ടിട്ടും കൃത്യ സമയത്ത് നൽകാത്തതിനെ തുടർന്ന് മാലെയിൽ എത്തിച്ച കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന് അനുമതി നൽകിയതിലെ കാലതാമസമാണ് കുട്ടിയുടെ ജീവൻ നഷ്ടമാകാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.
നിരവധി പേർ മുഹമ്മദ് മുയിസുവിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അപേക്ഷ ലഭിച്ചയുടൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് കാലതാമസം ഉണ്ടായതെന്നും മെഡിക്കൽ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു.
പ്രസിഡന്റിന്റെ ഇടപെടലിനെ തുടർന്നാണ് എയർ ആംബുലൻസിന് അനുമതി ലഭിക്കാതിരുന്നതെന്നും ആരോപണം ഉയർന്നു. ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ആളുകൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതില്ലെന്ന് മാലദ്വീപ് എംപി മീകെയിൽ നസീം സോഷ്യൽ മീഡിയയിൽ കുറിച്ചു.