ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് . അതിനിടെ ഗാസയില്‍ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് ലോക രാജ്യങ്ങളോട് ഡബ്ല്യുഎച്ച്ഒ.
ആശുപത്രികളില്‍ ഇന്ധനം എത്തിക്കണം. അല്ലാത്തപക്ഷം മാനുഷിക ദുരന്തമുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. എന്നാല്‍ ഇന്ധന വിതരണം പുനഃസ്ഥാപിക്കില്ലെന്നും ഹമാസ് ഇന്ധനം ദുരുപയോഗം ചെയ്യുമെന്നും ഇസ്രയേല്‍ പ്രതികരിച്ചു.
ഗാസ നിവാസികളോട് ഇസ്രയേല്‍ സൈന്യം അഭ്യര്‍ത്ഥിച്ചു. ബന്ദികളെ രക്ഷപ്പെടുത്താന്‍ സാധിക്കുന്ന തരത്തില്‍ കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് സുരക്ഷയും ധനസഹായവും എത്തിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.വിവരം പങ്കുവെക്കുന്നതിനായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഫോണ്‍ നമ്പറുകളും കൈമാറിയിട്ടുണ്ട്.
വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക പ്രതിഫലം നല്‍കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേല്‍ പുറത്ത് വിട്ടത് പ്രകാരം 222 പേരെ ഇതുവരേയും ഹമാസ് ബന്ദികളാക്കിവച്ചിട്ടുണ്ട്.