ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ഹൂതി മിസൈൽ ആക്രമണം. മർലിൻ ലുവാണ്ട എന്ന എണ്ണ കപ്പലാണ് ഏദൻ ഉൾക്കടലിൽ ആക്രമണത്തിനിരയായത്. ഏദനിൽ നിന്ന് 60 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് വച്ച് ചെങ്കടലിലൂടെ കടന്നു പോകുന്നതിനിടെയാണ് ആക്രമണം. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻ അധികൃതരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിൽ കപ്പലിന് തീ പിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം ഉണ്ടായ വിവരം കപ്പൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക കപ്പൽ പ്രദേശത്ത് എത്തിയിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. യെമനിൽ അമേരിക്കയും ബ്രിട്ടനും നടത്തുന്ന ആക്രമണങ്ങൾക്കെതിരേയും പലസ്തീൻ ജനയ്ക്ക് പിന്തുണ നൽകിക്കൊണ്ടുമാണ് ആക്രമണം നടത്തിയതെന്ന് ഹൂതി കേന്ദ്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. റഷ്യയിൽ നിന്നുള്ള ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് കാർണിക്കു നേരെയും ഹൂതികൾ ആക്രമണം നടത്തിയിരുന്നു.