ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചിക്കാഗോ നഗരത്തില്‍ ഇന്ത്യന്‍ ഐടി വിദ്യാര്‍ത്ഥിയെ അജ്ഞാതര്‍ ക്രൂരമായി ആക്രമിച്ചു. അക്രമിക്കുന്ന വീഡിയോ വിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വീഡിയോയില്‍ രാത്രി മൂന്ന് പേര്‍ പിന്തുടരുന്നത് കാണാം. വിദ്യാര്‍ത്ഥിയുടെ മൂക്കിലും മുഖത്തും വസ്ത്രത്തിലും രക്തം പുരണ്ടാണ് വിദ്യാര്‍ത്ഥി വീഡിയോ ചെയ്യുന്നത്.
ആറ് മാസം മുമ്പ് ഹൈദരാബാദില്‍ നിന്ന് യുഎസിലേക്ക് മാറിയ അലിയെന്ന വിദ്യാര്‍ത്ഥിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്. അക്രമികളിലൊരാള്‍ തനിക്ക് നേരെ തോക്ക് ചൂണ്ടിയതായും വിദ്യാര്‍ത്ഥി പറഞ്ഞു. തന്റെ കണ്ണില്‍ ആളുകള്‍ ഇടിക്കുകയും മുഖത്തും വാരിയെല്ലുകളിലും മുതുകിലും ഇടിക്കുകയും ചെയ്തതായി അലി പറഞ്ഞു. നിരവധി മുറിവുകളും ചതവുകളും ഉള്ള അലിയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അലി ഇന്ത്യാന വെസ്ലിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മാസ്റ്റേഴ്സ് പഠിക്കുകയാണ്. ആക്രമണം തനിക്ക് മറക്കാന്‍ കഴിയില്ലെന്ന് അലി പറഞ്ഞു. ‘അമേരിക്ക എന്റെ സ്വപ്ന രാജ്യമാണ്, എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും എന്റെ മാസ്റ്റേഴ്‌സ് പഠിക്കാനുമാണ് ഞാന്‍ ഇവിടെ വന്നത്. സംഭവം എനിക്ക് ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.