ഇസ്ലാമാബാദ്: ഫലത്തില്‍ കൃത്രിമം കാണിക്കാന്‍ വേണ്ടി ഫലം വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജയിലില്‍ കഴിയുന്ന മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി പൊതുതെരഞ്ഞെടുപ്പില്‍ വിജയം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പുറത്തുവന്നത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെടുപ്പ് അവസാനിച്ച് വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അസാധാരണമായ കാലതാമസമാണ് ഉണ്ടായത്. വോട്ടെടുപ്പ് അവസാനിച്ച് 12 മണിക്കൂറോളം ദേശീയ പാര്‍ലമെന്റ് സീറ്റുകളില്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചില്ല.
പാകിസ്ഥാന് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പിഎംഎല്‍-എന്നിന്റെ പരമോന്നത നേതാവ് നവാസ് ഷെരീഫിനോട് പരാജയം സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിഎംഎല്‍-എന്‍ വാദം നിരസിക്കുകയും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തു.
ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങള്‍ പ്രകാരം ഇമ്രാന് ഖാന്റെ പാര്‍ട്ടി വിജയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇമ്രാന് ഖാന്റെ പി ടി എ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സമിയുള്ള ഖാന് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യാ അസംബ്ലിയിലെ പി കെ 76 സീറ്റില്‍ 18000 ലധികം വോട്ടുകള്‍ നേടി വിജയിച്ചു. പി കെ 6 ല്‍ പി ടി ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫസല്‍ ഹക്കീം ഖാന് 25330 വോട്ടുകള്‍ നേടി വിജയിച്ചു. പി കെ 4 മണ്ഡലത്തിലും പി ടി ഐ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി അലി ഷാ വിജയിച്ചു. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്.