ഗാസ: നിര്‍ജ്ജലീകരണവും പോഷകാഹാരക്കുറവും മൂലം വടക്കന്‍ ഗാസയില്‍ ആറ് കുട്ടികള്‍ മരിച്ചതായും മറ്റുള്ളവരുടെ നില ഗുരുതരമാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കമാല്‍ അദ്വാന്‍, അല്‍-ഷിഫ ആശുപത്രികളിലാണ് കുട്ടികള്‍ മരിച്ചത്. ഏഴ് കുട്ടികളുടെ നില ഗുരുതരമാണ്.
ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനത്തിന്റെ അഭാവം കാരണം ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചെന്ന് ആശുപത്രി ഡയറക്ടര്‍ അഹമ്മദ് അല്‍ കഹ്ലൗത്ത് പറഞ്ഞു. ചൊവ്വാഴ്ച ജബാലിയയിലെ അല്‍-ഔദ ആശുപത്രിയും ഇതേ കാരണത്താല്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. അവശ്യവസ്തുക്കളുടെ രൂക്ഷമായ ക്ഷാമം ജനത്തെ വലയ്ക്കുന്നുണ്ട്. ഈജിപ്ത് അതിര്‍ത്തിയിലെ റഫ നഗരത്തില്‍ അഭയം തേടിയിട്ടുള്ള 13 ലക്ഷം പലസ്തീന്‍കാരും കടുത്ത ക്ഷാമ ഭീഷണിയിലാണ്.