ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനായ വൈഭവ് അനില്‍ കാലെ ആണ് കൊല്ലപ്പെട്ടത്. യുഎന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് അനിലിന് ജീവന്‍ നഷ്ടപ്പെട്ടത്. റഫയിലെ യൂറോപ്യന്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി (ഡിഎസ്എസ്) സ്റ്റാഫ് അംഗത്തിന്റെ ജീവനാണ് അപഹരിച്ചത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായാണ് ഒരു വിദേശി യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. കാറില്‍ യുഎന്‍ ദൗത്യം എന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രയേല്‍ ആക്രമിക്കുക ആയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യുഎന്‍ പതാക പതിപ്പിച്ചിരുന്നു. കഴിഞ്ഞ മാസമാണ് വൈഭവ് അനില്‍ കാലെ ഗാസയിലെ യുഎന്നിന്റെ സുരക്ഷാ സേവന കോര്‍ഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്.