ഇസ്രയേല്-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം. കഴിഞ്ഞ മാസം ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തെ തുടർന്നാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസ നഗരം തകർന്നടിഞ്ഞു. 11500 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. അടിയന്തര വെടി നിർത്തൽ വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം എന്ന നിലപാടാണ് ഇസ്രയേലിന്റേത്.
ഒക്ടോബർ ഏഴിനാണ് പശ്ചിമേഷ്യയെ വീണ്ടും കലുഷിതമാക്കിക്കൊണ്ട് ഇസ്രയേലിൽ നുഴഞ്ഞു കയറി ഹമാസ് മിന്നലാക്രമണം നടത്തുന്നത്. ഓപ്പറേഷൻ അൽ അഖ്സ ഫ്ലഡ് എന്ന ചാരസംഘടനയായ മൊസാദിന്റേയും ആഭ്യന്തര സുരക്ഷയ്ക്കായുള്ള ഷിൻ ബെത്തിന്റേയും കണ്ണുവെട്ടിച്ചുള്ള ആക്രമണണമായിരുന്നു.
യുദ്ധം തുടങ്ങിയത് ഹമാസാണെങ്കിലും അവസാനിപ്പിക്കുന്നത് ഇസ്രയേലായിരിക്കുമെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷൻ അയേൺ സ്വേഡ് എന്ന പേരിലായിരുന്നു ഇസ്രയേലിന്റെ തിരിച്ചടി. ആദ്യം വ്യോമാക്രമണവും പിന്നീട് കരയുദ്ധവും ശക്തമാക്കിയതോടെ ഗാസ പൂണമായും തകർന്നു. 30 ദിവസം കൊണ്ട് 11500 ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ നാലായിരത്തിലധികം കുഞ്ഞുങ്ങളും ഉൾപ്പെടും.
ലക്ഷക്കണക്കിനാളുകളാണ് അഭയാർത്ഥികളായി ക്യാമ്പുകളിൽ കഴിയുന്നത്. ഇന്ധനമില്ലാതെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു. അവശ്യമരുന്നുകൾ പോലും കിട്ടാനില്ലാത്ത അവസ്ഥ വന്നു. റഫ അതിർത്തി വഴി വരുന്ന സഹായം മാത്രമാണ് ഗാസയിലെ ആശ്രയം.
സ്വയം പ്രതിരോധമെന്ന് പറഞ്ഞ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണക്കുമ്പോൾ ഐക്യരാഷ്ട്രസഭക്കും ഒന്നും ചെയ്യാനാകുന്നില്ല.