Newsperseconds.com

പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആക്കി കുറയ്ക്കും; ഇറാഖ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു; നീക്കത്തിനെതിരെ പ്രതിഷേധം ശക്തം

Iraq

പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം 9 ആയും ആണ്‍കുട്ടികളുടെ വിവാഹപ്രായം 15 ആയും കുറയ്ക്കുന്നതിനുള്ള ബില്‍ ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമം ഭേദഗതി ചെയ്യാനുള്ള ഇറാഖ് സര്‍ക്കാരിന്റെ നീക്കത്തിനെതിരേ മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇറാഖ് നീതിന്യായ വകുപ്പാണ് രാജ്യത്തിന്റെ വ്യക്തി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ അവതരിപ്പിച്ചത്. നിലവിലുള്ള നിയമപ്രകാരം ഇറാഖിലെ സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്.

കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മത അധികാരികളെയോ സിവില്‍ ജുഡീഷ്യറിയെയോ തിരഞ്ഞെടുക്കാന്‍ പൗരന്മാരെ അനുവദിക്കുന്നതാണ് ബില്‍. ഇത് അനന്തരാവകാശം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയവയിലുള്ള അവകാശങ്ങള്‍ കുറയ്ക്കാന്‍ കാരണമാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ബില്‍ നിയമമായാല്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടിക്കും 15 വയസ്സുള്ള ആണ്‍കുട്ടിക്കും വിവാഹം കഴിക്കാന്‍ അനുമതി നല്‍കും. ഈ മാറ്റം ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനും കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങളിലും ലിംഗസമത്വത്തിലും ഇത് പിന്നോട്ടടിക്കുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാഗ്രൂപ്പും സാമൂഹികപ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

Share this Article

Leave a Comment