ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്നാണ് യുഎൻ. ഗാസ ഭൂമിയിലെ നരകമായെന്ന് യുഎൻ വക്താവ്. ഗാസയിലെ ആരോഗ്യ സംവിധാനം പൂർണമായും തകർന്നെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് യുഎൻ വക്താവ് ആവശ്യപ്പെട്ടിരുന്നു. അടിയന്തര വെടിനിർത്തൽ വേണമെന്ന് ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു.
യുദ്ധത്തെ തുടർന്ന് ഗാസയിൽ ഇതുവരെ 11078 പേരാണ് മരിച്ചത്. ഇതിൽ 4506 പേർ കുട്ടികാളാണ്. ഇതിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ ഗാസയിലെ അൽ ശിഫ ആശുപത്രിയിലെ പ്രവേശന കവാടത്തിലടക്കം അഞ്ച് ആക്രമണങ്ങളാണ് ഉണ്ടായത്. 40000 ലധികം പേരാണ് അൽ ശിഫയിൽ അഭയം തേടിയിരിക്കുന്നത്. അൽ ഖുദ്സ് ആശുപത്രിയിൽ ഐസിയുവിന് നേരെയും ആക്രമണമുണ്ടായി. 12 ആശുപത്രികൾ ഉടൻ ഒഴിയണമെന്നാണ് ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. കരയാക്രമണം ശക്തമാക്കിയ ഇസ്രയേൽ ആശുപത്രിക്ക് സമീപം ടാങ്കുകൾ സ്ഥാപിച്ചു.
ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തെക്കൻ ഗാസയിലേക്ക് പലായനം ചെയ്തത്. 27490 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ 44 കുട്ടികൾ അടക്കം 183 പേർ കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യയിൽ മരണസംഖ്യ 12500 കടന്നു.
അഭയാർത്ഥി ക്യാമ്പായ അൽ ബുറാഖ് സ്കൂളിൽ നിന്ന് 50 മൃതദേഹം കണ്ടെത്തിയെന്നാണ് അധികൃതർ അറിയിക്കുന്നത്. ബന്ദികളുടെ മോചനത്തിനായി മധ്യസ്ഥ ചർച്ചകൾക്കായി ഖത്തർ അമീർ ഈജിപ്തിലെത്തി, ഈജിപ്ഷ്യൻ പ്രസിഡൻറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.