Newsperseconds.com

ഗാസയിലേക്ക് ഇന്ധനമെത്തിക്കാന്‍ അനുമതി നല്‍കി ഇസ്രായേല്‍

Untitled Design (15)

ഗാസയിലേക്ക് ഇന്ധനമെത്തിക്കാന്‍ അനുമതി നല്‍കി ഇസ്രായേല്‍. യുഎന്‍ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാൻ 25,000 ലിറ്റര്‍ ഇന്ധനമെത്തിക്കാനാണ് ഇസ്രയേല്‍ അനുമതി നല്‍കിയിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഗാസയിലേക്ക് ഇന്ധനമെത്തിക്കുന്നത്. ഈജിപ്തില്‍ നിന്ന് റഫ അതിര്‍ത്തിവഴി ഗാസയിലേക്ക് ഇന്ധനമെത്തിയതായി അന്തർദേശീയ മാദ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ആക്രമണം നടത്തി ഇസ്രയേൽ സെെന്യം. ആശുപത്രിക്കടിയിലെ ഹമാസിന്റെ കമാണ്ടർ കേന്ദ്രം തകർക്കാനുള്ള സൈനിക നടപടിയുടെ ഭാ​ഗമായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ടാങ്കുകൾ അടക്കമുള്ള യുദ്ധോപകരണങ്ങളുടെ സഹായത്തോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ഹമാസ് പോരാളികളോട് കീഴടങ്ങാനും ഇസ്രായേല്‍ ആവശ്യപ്പെട്ടു.

ആശുപത്രിക്കുള്ളിൽ ഹമാസിന്റെ സൈനിക കേന്ദ്രമുണ്ടെന്നും ആശുപത്രിയെ ഹമാസ് ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവും ആരോപിച്ചിരുന്നു. എന്നാൽ ആരോപണം നിഷേധിച്ച ഹമാസ്ക്കു തെളിവ് നൽകാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

അൽ ഷിഫയിലെ എമർജൻസി വിഭാഗത്തിലാണ് ആദ്യം ഇസ്രയേൽ സെെന്യം കടന്നു കയറിയത്. ഗസ്സ ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രായേൽ സൈന്യം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നും ഹമാസ് ആരോപിച്ചു.

മൂവായിരം അഭയാർത്ഥികളടക്കം നാലായിരത്തിലേറെ പേര്‍ ആശുപത്രിയിലുണ്ട്. ചികിത്സ കിട്ടാതെ മരിച്ച ഇരുനൂറ് പേരെ ഇന്നലെ ആശുപത്രി വളപ്പിൽ കൂട്ടമായി സംസ്കരിച്ചിരുന്നു.

അൽ ഷിഫ ആശുപത്രിയിൽ ഡോക്ടർമാരും രോഗികളും വീടു നഷ്ടപ്പെട്ട ആളുകളും മാത്രമേയുള്ളൂവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അൽ ഖുദ്‌രി പറഞ്ഞു. ആശുപത്രിയിലേക്കുള്ള വെള്ളവും വെളിച്ചവും ഇസ്രായേൽ വിച്ഛേദിച്ചിരുന്നു. ഇന്ധനം തീർന്ന് ഇരുട്ടിലായതോടെ ഇൻക്യുബേറ്ററിലുണ്ടായിരുന്ന ഏഴ് നവജാത ശിശുക്കൾ ഉൾപ്പെടെ 36 പേർ മരിച്ചിരുന്നു.

Share this Article

Leave a Comment