ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തേക്ക് സാം ഓള്‍ട്ട്മാന്‍ തിരിച്ചെത്തുമെന്ന് കമ്പനി. ഇതുസംബന്ധിച്ച ധാരണയില്‍ എത്തിക്കഴിഞ്ഞുവെന്നും കമ്പനിക്ക് പുതിയ ഡയറക്ടര്‍ ബോര്‍ഡാവും ഉണ്ടാകുകയെന്നും ഓപ്പണ്‍ എഐ എക്‌സിലൂടെ വ്യക്തമാക്കി. സാം ഓള്‍ട്ട്മാനും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്ത് എത്തി.
ഓപ്പണ്‍ എഐയെ വളരയധികം സ്‌നേഹിക്കുമെന്നും ടീമിനെയും ദൗത്യത്തെയും ഒന്നിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഓള്‍ട്ട്മാനെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് രാജിവെക്കണമെന്നും ബോര്‍ഡ് അംഗങ്ങള്‍ രാജിവെക്കാത്തപക്ഷം കമ്പനി വിടുമെന്നും ജീവനക്കാര്‍ നിലപാട് എടുത്തിരുന്നു. ഇതിനു പിന്നാലെ സാം ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തേക്ക് സാം ഓള്‍ട്ട്മാന്‍ തിരിച്ചെത്തുമെന്ന് വീണ്ടും പ്രഖ്യാപിച്ചത്.
700-ലേറെ ജീവനക്കാർ സാം ഓള്‍ട്ട്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കമ്പനിക്ക് കത്ത് എഴുതിയിരുന്നു. ഓള്‍ട്ട്മാനെ പുറത്താക്കിയതിൽ ക്രമക്കേടുണ്ടെന്നും ഓള്‍ട്ട്മാനെയും ബ്രോക്ക്മാനെയും തിരികെ കൊണ്ടുവന്നില്ലെങ്കിൽ ഓള്‍ട്ട്മാന് പിന്നാലെ തങ്ങളും മൈക്രോസോഫ്റ്റിലേക്ക് പോവുമെന്ന ഭീഷണിയും ചിലർ ഉയര്‍ത്തിയിരുന്നു.