പലസ്തീനിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ മരിച്ചു. എഎഫ്പി, അൽ ജസീറ വാർത്താ ഏജൻസികളിലെ മാധ്യമപ്രവർത്തകരാണ് മരിച്ചത്. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 109 ആയി.
എഎഫ്‌പി വീഡിയോ സ്‌ട്രിംഗർ മുസ്തഫ തുരിയ, അൽ ജസീറ ടെലിവിഷൻ നെറ്റ്‌വർക്കിലെ മാധ്യമപ്രവർത്തകനായ ഹംസ വെയ്ൽ ദഹ്ദൂഹ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇസ്രായേൽ മിസൈൽ പതിക്കുകയായിരുന്നു. അൽ ജസീറ മരണ വാർത്ത റിപ്പോർട്ട് ചെയ്തു.
അൽ ജസീറയുടെ ഗസ്സ ബ്യൂറോ ചീഫ് വെയ്ൽ അൽ ദഹ്ദൂഹിൻ്റെ മകനാണ് ഹംസ വെയ്ൽ ദഹ്ദൂഹ്. 2023 ഒക്ടോബറിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വെയ്ൽ അൽ ദഹ്ദൂഹിയുടെ ഭാര്യയും മകളും മറ്റൊരു മകനും പേരക്കുട്ടിയും കൊല്ലപ്പെട്ടിരുന്നു. അന്ന് ദഹ്ദൂഹ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.