Newsperseconds.com

അധ്യാപകന്റെ കൈ വെട്ടി മാറ്റിയ കേസ്; ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും

Capture

കൊച്ചി: അധ്യാപകന്റെ കൈ വെട്ടി മാറ്റിയ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും. തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ഐഎ ഉടന്‍ തന്നെ നല്‍കും. സവാദിനെ വേഗത്തില്‍ കസ്റ്റഡിയില്‍ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സവാദ് ജനുവരി 24 വരെ റിമാന്റിലാണ്. എറണാകുളം സബ് ജയിലിലാണ് തടവില്‍ കഴിയുന്നത്.

പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. ഒളിവിലായിരുന്ന സവാദിനെ ഇന്നലെ രാവിലെ കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനു വേണ്ടി സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നുമുള്ള എന്‍ഐഎയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ഐഎ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഷാജഹാന്‍ എന്ന പേരിലാണ് സവാദ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. മട്ടന്നൂരില്‍ ആശാരിപ്പണി ചെയ്ത് പേര് മാറ്റി ജീവിച്ച് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

Share this Article

Leave a Comment