Newsperseconds.com

വാഗ്ദാനങ്ങള്‍ നല്‍കിയവരെ കാണാനില്ല; കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കുട്ടനാട്ടിലെ കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്

Capture

ആലപ്പുഴ: കുട്ടനാട്ടില്‍ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ്. കുടിശ്ശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസ്. രണ്ട് ദിവസം മുമ്പാണ് നവംബര്‍ 14 ന് കോര്‍പ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത്. പ്രസാദിന്റെ പേരിലാണ് അഞ്ച് സെന്റ് സ്ഥലവും വീടുമുള്ളത്. രണ്ട് മാസം മുമ്പാണ് ആലപ്പുഴ തകഴി കുന്നുമ്മ സ്വദേശി കെ ജി പ്രസാദ് എന്ന നെല്‍കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.

പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പ്രസാദ് ജീവനൊടുക്കിയതോടെ വലിയ വിവാദം തന്നെ പൊട്ടിപുറപ്പെട്ടു. വാഗ്ദാനങ്ങളുമായി രാഷ്ട്രീയ നേതാക്കളെത്തി. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തി രണ്ട് മാസങ്ങള്‍ക്ക് ഇപ്പുറം പ്രസാദിന്റെ ഭാര്യയെ തേടിയെത്തിയത് ജപ്തി നോട്ടീസ്.

2022 ആഗസ്റ്റ് 27 നാണ് 60,000 രൂപ സ്വയം തൊഴില്‍ വായ്പയായി ഇവര്‍ ലോണ്‍ എടുത്തത്. 15,000 രൂപയോളം ഇതിനകം തിരിച്ചടച്ചു. 11 മാസമായി തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പായിരുന്നു പ്രസാദം പാടത്ത് വിത്തിറക്കിയത്. 17600 രൂപ അഞ്ച് ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

Share this Article

Leave a Comment