ആലപ്പുഴ: കുട്ടനാട്ടില്‍ സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത പ്രസാദിന്റെ ഭാര്യക്ക് നല്കിയ ജപ്തി നോട്ടീസ് മരവിപ്പിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്ണനാണ് വായ്പ പരമാവധി ഇളവോടെ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനില്‍ നിന്നാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്.
ആത്മഹത്യ ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ കുടുംബത്തിന്റെ സാഹചര്യം മനസ്സിലാക്കാതെ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചതില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസാദിന്റെ ഭാര്യ ഓമനയുടെ പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് നവംബര്‍ 14 ന് കോര്‍പ്പറേഷനിറക്കിയ നോട്ടീസ് കുടുംബത്തിന് ലഭിക്കുന്നത്. പ്രസാദിന്റെ പേരിലാണ് അഞ്ച് സെന്റ് സ്ഥലവും വീടുമുള്ളത്.
അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ നവംബര്‍ 11ന് പ്രസാദ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. പ്രസാദിന്റെ മരണത്തിന് ശേഷം കുടുംബം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തിലാണ് കഴിയുന്നത്. 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്.