തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊ.ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് അടുത്ത ആഴ്ച. സവാദിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ഇതിനൊപ്പം സവാദിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ടി. ജെ ജോസഫ്, ദൃക്സാക്ഷികൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും തിരിച്ചറിയൽ പരേഡ് നടക്കുക. സംഭവം നടന്ന് പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചറിയൽ പരേഡ് നടക്കുന്നത്. സഹായിച്ചവരെ കുറിച്ചും അന്വേഷണം നടത്തും.
അതേസമയം, അധ്യാപകന്റെ കൈവെട്ടിയ കേസില്‍ സവാദിനെ കുടുക്കിയത് പോപ്പുലര്‍ ഫ്രണ്ട് നിരോധനം. അറസ്റ്റിലായ ചിലരില്‍ നിന്നുമാണ് സവാദിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സവാദ് കേരളത്തില്‍ തന്നെയുണ്ടെന്ന് വിവരം ലഭിച്ചതോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സവാദ് കുടുങ്ങിയത്.
13 വര്‍ഷമായി ഒളിവില്‍ ജീവിച്ചു വരുന്ന സവാദ് വളരെ ശ്രദ്ധയോടെയാണ് ഓരോ നീക്കങ്ങളും നടത്തിയത്. ഈ കാലയളവില്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സവാദ് ബന്ധപ്പെട്ടിട്ടില്ല. തുടര്‍ച്ചയായി സിംകാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ചു. സവാദ് കണ്ണൂര്‍ ജില്ലയില്‍ മാത്രം ഒളിവില്‍ കഴിഞ്ഞത് 8 വര്‍ഷമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വളപട്ടണം, ഇരിട്ടി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ വാടകവീടുകള്‍ തരപ്പെടുത്താന്‍ എസ്ഡിപിഐ സഹായം നല്‍കിയിട്ടുണ്ട്.
പല സമയങ്ങളിലായി ആശയവിനിമയത്തിനായി സവാദ് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ സവാദിനെ കുറിച്ചോ കേസിനെ കുറിച്ചോ അറിയാതെയാണ് മകളെ കല്ല്യാണം കഴിച്ച് കൊടുത്തതെന്ന ഭാര്യ പിതാവിന്റെ നിലപാട് തെറ്റെന്ന് ഏജന്‍സി പറയുന്നു. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് ജോലിയും വിവാഹവും തരപ്പെടുത്തിയതെന്ന് എന്‍ഐഎക്ക് വിവരം ലഭിച്ചു.