എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്( ഇഡി)യുടെ സമൻസ് ചോദ്യം ചെയ്ത് കിഫ്ബി വീണ്ടും ഹൈക്കോടതിയിൽ. നേരത്തെ നൽകിയ രേഖകളാണ് ഇ ഡി വീണ്ടും ആവശ്യപ്പെടുന്നതെന്ന് കിഫ്‌ബി ഹെെക്കോടതിയിൽ ഹർജി നൽകി. അതേസമയം, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് വേണ്ടതെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഇ ഡി ആവശ്യപ്പെട്ട രേഖകൾ നൽകുന്നതിൽ തെറ്റെന്തെന്ന് കിഫ്ബിയോട് കോടതി ചോദിച്ചു. മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും ഇഡിക്ക് കോടതി നിർേദശം നൽകി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാൻ സിംഗിൾ ബെഞ്ചിന്റെ നിർദ്ദേശം.
ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന രേഖകളെല്ലാം നേരത്തെ തന്നെ നൽകിയതാണെന്നും നോട്ടീസ് നൽകാൻ ഇഡിക്ക് അധികാര പരിധിയില്ലെന്നുമാണ് കിഫ്ബി ഹെെക്കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇഡിയോട് വിശദീകരണം തേടിയത്.
കിഫ്ബി മസാലബോണ്ട് കേസിൽ മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി പുതിയ നോട്ടീസ് അയച്ചിരുന്നു. ഇന്ന് ഹാജരാകാനായിരുന്നു ഇഡിയുടെ ആവശ്യം. സിപിഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകാനാകില്ല എന്ന് തോമസ് ഐസക് ഇ ഡിയെ അറിയിക്കുകയായിരുന്നു.