മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ അന്തരിച്ചു. 84 വയസായിരുന്നു. പുലർച്ചെ 5.40 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
കോൺഗ്രസിന്‍റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോൺഗ്രസിലൂടെ വളർന്ന് കോൺഗ്രസിന്‍റെ നേതൃസ്ഥാനതെത്തിയത്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും നാല് തവണയും ആലുവയിൽ നിന്നും ഒരു തവണയും നിയമസഭയിലേക്ക് എത്തി. കെ. കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാത്രി 8.00 മണിക്ക് മാറമ്പിളളി ജമാഅത്ത് ബബറിസ്ഥാനിൽ ഖബറടക്കും.