തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂര്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കും. തൃശ്ശൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് തൃപ്രയാറിലേക്ക് എത്തുന്നത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് വന്‍ സുരക്ഷ സന്നാഹമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്. തൃശ്ശൂരില്‍ അന്നേ ദിവസം ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. കേരളത്തിലെ പോലീസ് സുരക്ഷയ്ക്ക് പുറമേ മോദിയുടെ സ്‌പെഷ്യല്‍ ടീമും ഉണ്ടായിരിക്കും. കൂടാതെ, തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൊലീസ് ഇന്ന് സുരക്ഷ പരിശോധന നടത്തും.
അതേ സമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം പ്രമാണിച്ച് ഒരു കല്യാണം പോലും മാറ്റി വെച്ചില്ലെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ അറിയിച്ചിരുന്നു. വിവാഹത്തിന്റെ സമയത്തില്‍ മാത്രമാണ് മാറ്റമുള്ളത്. കൂടാതെ അന്നേ ദിവസം വിവാഹ സംഘങ്ങള്‍ പ്രത്യേകം പാസെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. മോദിയെത്തുന്ന 17ാം തിയ്യതി 48 വിവാഹങ്ങള്‍ക്ക് പുലര്‍ച്ചെ അഞ്ചിനും ആറിനും മധ്യേയാണ് സമയം നല്‍കിയിരിക്കുന്നത്. ആറ് മണിക്കും ഒന്‍പതിനും മധ്യേ വിവാഹങ്ങള്‍ ഉണ്ടാകില്ല.