മകരവിളക്കിനായി ശബരിമല നടതുറന്നു. ഇന്ന് പുലർച്ചെ 2.15-ന് ന് നടതുറന്ന് 2.46-ന് നെയ്യഭിഷേകം നടത്തി. മകര സക്രാന്തി ദിനമായ ഇന്ന് തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങ കൊണ്ടാണ് അഭിഷേകം നടത്തിയത്. വൈകിട്ട് 5 മണിക്ക് നട തുറക്കും. 5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. മകരജ്യോതി ദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ള പത്ത് പോയന്റുകളിലും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മകരജ്യോതി ദർശനത്തിനെത്തുന്ന ഭക്തർ പോലീസിന്റെയും ഫയർഫോഴ്സിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഭ്യർഥിച്ചു.
മൂന്ന് നേരവും ഭക്തർക്ക് പ്രത്യേക ഭക്ഷണ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ഭക്തർക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി.കെ. ശേഖർബാബുവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഭക്തർക്കുള്ള ലഘുഭക്ഷണമായി 80 ലക്ഷത്തോളം ബിസ്കറ്റുകൾ എത്തും. ഇതോടൊപ്പം, ചുക്കുവെള്ളവും ഭക്തർക്ക് നൽകും.
നാളെ -ന് 50,000 പേർക്ക് വിർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യമൊരുക്കും. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60,000 പേർക്ക് വിർച്വൽ ക്യൂവഴി ബുക്ക് ചെയ്യാവുന്നതാണ്. നാളെ മുതൽ സ്പോട്ട് ബുക്കിങ്ങും അനുവദിക്കും. ജനുവരി 21-ന് രാവിലെ പന്തളരാജ പ്രതിനിധിയുടെ ദർശനത്തിന് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും.