അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നുമുള്ള കെ.എസ്.ചിത്രയുടെ അഭ്യർത്ഥനയെതുടര്ന്നുള്ള വിവാദത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി. വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പെന്നും എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ശ്രീരാമനെ ആര്‍എസ്എസിന്റെ വകയായി കാണേണ്ടതില്ലെന്നും ശ്രീരാമന് ഭാരതത്തിലെ എല്ലാവരുടെയുമാണെന്നും അദ്ദേഹം പറഞ്ഞു. എംടി വാസുദേവന്‍ നായര്‍ മലയാളത്തിന്റെ തലമുതിര്‍ന്ന എഴുത്തുക്കാരനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു.എന്നാല്‍, ആരും എം.ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര. ഞാന്‍ എന്റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതില്‍ ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്?. ശ്രീരാമന് ഭാരതത്തിലെ എല്ലാവരുടെയുമാണ്. വാത്മീകിയുടെ രാമായണത്തിലെ നായകനാണ് ശ്രീരാമന്, അങ്ങനെയുള്ള നായകനാണ് ശ്രീകൃഷ്ണന്. അങ്ങനെയുള്ള നായകൻമാരെയാണ് നാം ആരാധിച്ചുവന്നിരുന്നത്. അങ്ങനെ ഒരു അഭിപ്രായം പറഞ്ഞ ചിത്രയെ എല്ലാവരും ശകാരിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഒരു പാര്‍ട്ടിയുടെയും വക്താവല്ല ഞാന്‍. പിണറായി നല്ലത് ചെയ്താല്‍ അതിനെ അനുകൂലിക്കും, മോദി നല്ലത് ചെയ്താല്‍ അതിനെയും അനുകൂലിക്കും. അതിന് സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. ചിത്രയുടെ ആഹ്വാനത്തില്‍ വിവാദം തുടരുകയാണ്. ഒരു വിഗ്രഹം കൂടി ഉടഞ്ഞെന്നും ചരിത്രം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നുമൊക്കെ രൂക്ഷമായ ഭാഷയിലാണ് ചിത്രയ്ക്കെതിരെ വിമർശനം ഉയർന്നത്.