Newsperseconds.com

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടന; ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി

Untitled Design (53)

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടനയിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. സമിതിയിൽ അംഗസംഖ്യ വർദ്ധിപ്പിച്ചതാണ് അതൃപ്തിക്ക് കാരണം. ജംബോ കമ്മിറ്റി സമിതിയുടെ പ്രാധാന്യം കുറച്ച് 23 ൽ നിന്നും 36 ലേക്ക് സമിതിയുടെ അംഗ സംഖ്യ വർദ്ധിപ്പിച്ചതുമാണ് പ്രധാന വിമർശനം.

അയോഗ്യരും സമിതിയിൽ ഇടംപിടിച്ചെന്ന വിമർശനവും ഉയരുന്നുണ്ട്. ഗ്രൂപ്പ് പരിഗണനയിലാണ് പലരും സമിതിയിൽ ഇടം നേടിയത്. ഏറെ കാലമായി പ്രവർത്തന രംഗത്തില്ലാത്തവർക്ക് അവസരം നൽകിയതിനേയും ചില നേതാക്കൾ ചോദ്യം ചെയ്യുന്നു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രാഷ്ട്രീയകാര്യ സമിതിയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

തെരഞ്ഞെടുപ്പ് വരാനിരിക്കെ പരാതിയും പരിഭവങ്ങളും ഒഴിവാക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. ഗ്രൂപ്പ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചതോടെ പട്ടിക നീണ്ടു. എംപിമാരും എംഎൽഎമാരും പട്ടികയിൽ ഇടം നേടി. കെപിസിസി ഭാരവാഹികളേയും ഗ്രൂപ്പ് മാനേജർമാരേയും പരിഗണിക്കേണ്ടി വന്നു. നേതൃത്വത്തെ വെല്ലുവിളിച്ച വി എം സുധീരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ സമിതിയിൽ നിലനിർത്തി. അതേസമയം, സ്ത്രീകൾക്കും യുവാക്കൾക്കും പരിഗണന നൽകിയിട്ടുണ്ട്.

ഷാനിമോൾ ഉസ്മാനായിരുന്നു മുൻ കമ്മിറ്റിയിലെ ഏക വനിതാ അംഗം. ഇപ്പോൾ വനിതാ അംഗങ്ങളുടെ എണ്ണം നാലായി ഉയർത്തി. പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി എന്നിവരാണ് പുതുതായി സമിതിയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ. കെപിസിസി പ്രസിഡന്റ് തിരിച്ചെത്തിയാൽ പുതിയ രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗം ചേരും.

Share this Article

Leave a Comment