Newsperseconds.com

കെെവെട്ട് കേസ്; മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു

Untitled Design (75)

മതനിന്ദ ആരോപിച്ച് തൊ‌ടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ.ടി ജെ ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ സവാദിനെ ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് ഒന്നാം പ്രതി സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

13 വർഷമായി മട്ടന്നൂരിൽ ഷാജഹാൻ എന്ന പേരിൽ ഒളിവിൽ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 2010 ജൂലൈ 4 ന് തൊടുപുഴ ന്യുമാൻസ് കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച മഴു അടക്കമുള്ള ആയുധവുമായി സവാദ് ഒളിവിൽ പോകുകയായിരുന്നു.

2011 ലാണ് കേസ് എൻഐഎ ഏറ്റെടുത്തത്. വിവധ ഘട്ടങ്ങളിലായി സവാദിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇനാം 10 ലക്ഷമാക്കി ഉയർത്തി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതി പിടിയിലായത്. 2015 കൈവെട്ട് കേസിൽ 31 പ്രതികളെ ഉൾപ്പെടുത്തി എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ 18 പേരെ വെറുതെവിടുകയും 13 പേരെ ശിക്ഷിക്കുകയുമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി 6 പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

Share this Article

Leave a Comment